ഖുറാൻ, ബൈബിൾ, ​ഗീത, മുസ്ലിം ലീ​ഗിന്റെ സ്നേ​ഹ സമ്മാനം; പാർട്ടിയുടെ വാർഷികത്തിൽ വമ്പൻ സമൂഹവിവാഹം സംഘടിപ്പിച്ചു

By Web TeamFirst Published Feb 2, 2024, 10:15 PM IST
Highlights

ഓരോ ദമ്പതികൾക്കും 10 ഗ്രാം സ്വർണവും കിടക്കയും മെത്തയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, അലമാര, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി 2 ലക്ഷം രൂപയുടെ സാധനങ്ങൾ എന്നിവയും നൽകി.

കോയമ്പത്തൂർ: പാർട്ടിയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി 23 ജോഡികളുടെ വിവാഹം നടത്തിക്കൊടുത്ത് മുസ്ലിം ലീ​ഗ് തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റി. ആള്‍ ഇന്ത്യ മുസ്ലിം സെന്‍ററിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കോയമ്പത്തൂരിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള 23 ദമ്പതികളുടെ വിവാഹം നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ (ഐയുഎംഎൽ) 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 75 ദമ്പതികളുടെ വിവാഹം നടത്താനാണ് പാർട്ടി തീരുമാനം. ഇതുവരെ ചെന്നൈയിലും തിരുച്ചിയിലുമായി 17ഉം 25ഉം വിവാഹങ്ങൾ നടത്തി.

മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ആറ് പേർ ഹിന്ദു സമുദായത്തിൽ നിന്നുള്ളവരും മൂന്ന് ക്രിസ്ത്യാനികളും 14 മുസ്ലീങ്ങളുമാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഖുറാൻ, ബൈബിൾ, ഭഗവദ്ഗീത എന്നിവയുടെ പകർപ്പുകളാണ് സമ്മാനം നൽകിയത്. 
കുനിയമുത്തൂരിൽ നടന്ന ചടങ്ങിൽ ഐയുഎംഎൽ ദേശീയ പ്രസിഡൻ്റ് കെ എം കാദർ മൊഹിദീൻ അധ്യക്ഷനായി. തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്മാനും പങ്കെടുത്തു. ഓരോ ദമ്പതികൾക്കും 10 ഗ്രാം സ്വർണവും കിടക്കയും മെത്തയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, അലമാര, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി 2 ലക്ഷം രൂപയുടെ സാധനങ്ങൾ എന്നിവയും നൽകി.

Latest Videos

Read More... വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, പുതുക്കോട്ടൈ, ചെന്നൈ, ചെങ്കൽപട്ട്, ധർമപുരി ജില്ലകളിൽ നിന്നുള്ള ദമ്പതികളായിരുന്നു ഏറെയും. രണ്ടായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഓരോ ജില്ലയിൽ നിന്നുമുള്ള ഗുണഭോക്താക്കളെ പ്രവർത്തകർ തെരഞ്ഞെടുത്തതായി ഐയുഎംഎൽ വൃത്തങ്ങൾ അറിയിച്ചു. 
 

click me!