ചുട്ട് പൊള്ളി ബെംഗളൂരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

By Web Team  |  First Published May 2, 2024, 11:53 AM IST

മെയ് മാസത്തിൽ ബെംഗളൂരുവിലെ ശരാശരി താപനില 33- 35 വരെ ആവുമെന്നാണ് കാലാവസ്ഥാ വിഭാഗം നിരീക്ഷിക്കുന്നത്


ബെംഗലുരു: തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ബെംഗളൂരു നഗരം. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ബുധനാഴ്ച ബെംഗളൂരുവിൽ കടന്ന് പോയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 38.1 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ബെംഗളൂരു അന്തർദേശീയ വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയും ബുധനാഴ്ച രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ്.

ഉടനെ കൊടും ചൂടിന് ബെംഗളൂരുവിൽ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ കനത്ത ചൂട് രേഖപ്പെടുത്തിയത് വരും ദിവസങ്ങളിലെ കനത്ത ചൂടിനുള്ള മുന്നറിയിപ്പാകാനുള്ള സാധ്യതയായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മെയ് മാസത്തിൽ ബെംഗളൂരുവിലെ ശരാശരി താപനില 33- 35 വരെ ആവുമെന്നാണ് ഐഎംഡി വിശദമാക്കുന്നത്. 2016 ഏപ്രിൽ മാസമായിരുന്നു ഇതിന് മുൻപ് ചൂട് കൂടിയ ദിവസങ്ങളായി കണക്കാക്കിയിരുന്നത്.

Latest Videos

എന്നാൽ 2024 ഏപ്രിലിലെ കണക്കുകൾ ഇത് തെറ്റിച്ചു. ഏറ്റവുമധികം ചൂട് കൂടിയ 20 ദിവസങ്ങൾ 2024 ഏപ്രിലിലാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ഇതിന് പുറമേയാണ് ഒരു മഴപോലും പെയ്യാത്ത സാഹചര്യം നഗരം നേരിടുന്നത്. കാറ്റിന്റെ പാറ്റേണുകളിലുണ്ടാകുന്ന വ്യതിയാനമാണ് മേഘങ്ങൾ രൂപീകൃതമാവുന്നതിന് തടസമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയോടെയോ ബെംഗളൂരുവിനെ മഴ കടാക്ഷിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!