ഹൈവേയിൽ കിടന്ന മൃതദേഹത്തിലൂടെ കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; ഷവൽ ഉപയോഗിച്ച് അവശിഷ്ടങ്ങൾ എടുത്തുമാറ്റി പൊലീസ്

By Web TeamFirst Published Jan 17, 2024, 11:18 PM IST
Highlights

എക്സ്പ്രസ് ഹൈവേയിൽ 500 മീറ്ററോളം ദൂരത്തിൽ പല സ്ഥലത്തു നിന്നാണ് മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയത്. ഇതില്‍ തന്നെ ഒരു വിരൽ മാത്രമാണ് ചതഞ്ഞരയാത്ത നിലയില്‍ കണ്ടെത്താനായത്. 

ആഗ്ര: എക്സ്പ്രസ് ഹൈവേയിൽ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒടുവില്‍ പൊലീസ് സംഘമെത്തി ഷവൽ ഉപയോഗിച്ച് റോഡിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും, റോഡിന് നടുവില്‍ ഈ മൃതദേഹം എങ്ങനെ എത്തിയെന്നും  ഒരു വിവരവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.  നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി റോഡിലെ ടാറിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സ്പ്രസ് ഹൈവേയിൽ 500 മീറ്ററോളം ദൂരത്തിൽ പല സ്ഥലത്തു നിന്നാണ് മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയത്. ഇതില്‍ തന്നെ ഒരു വിരൽ മാത്രമാണ് ചതഞ്ഞരയാത്ത നിലയില്‍ കണ്ടെത്താനായത്. വിരലടയാളത്തിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ മരിച്ചയാളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Latest Videos

എത്ര നേരം മൃതദേഹം റോഡിൽ കിടന്നു എന്ന കാര്യത്തിലും വ്യക്തതയില്ല. ഇത്രയധികം വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാതെ എങ്ങനെ മൃതദേഹത്തിന് മുകളിലൂടെ വാഹനം കയറ്റിയെന്ന് അറിയില്ലെന്നും കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നതിനാൽ വ്യക്തമായി കാണാന്‍ സാധിച്ചിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്സ്പ്രസ് വേയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തിലാണ് ഇതുവഴി വാഹനങ്ങള്‍ ചീറിപ്പായുന്നത്. 

അതേസമയം മരിച്ചയാളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമേ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനാവൂ. കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. ഏതാണ്ട് 40 വയസുള്ള ആളാണ് മരണപ്പെട്ടതെന്നാണ് അനുമാനമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ദേവേന്ദ്ര സിങ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!