വാട്സ്ആപിൽ പ്രഫുൽ പട്ടേൽ എംപിയുടെ ചിത്രമാണ് ഡി.പിയായി വെച്ചിരുന്നത് എംപിയുടെ ഓഫീസിൽ നിന്ന് പരാതി ലഭിച്ചതനുസരിച്ച് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.
മുംബൈ: എംപിയെന്ന് പരിചയപ്പെടുത്തി ഖത്തർ രാജകുടുംബാംഗവുമായി വാട്സ്ആപിൽ ബന്ധപ്പെട്ട യുവാവ് അറസ്റ്റിൽ. മുംബൈ ജുഹു സ്വദേശിയായ രവി കാന്ത് (35) ആണ് പിടിയിലായത്. എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേൽ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വാട്സ്ആപ് വഴി ഖത്തർ രാജകുടുംബാംഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റുമായി ബന്ധപ്പെട്ടത്. ഒരു ബിസിനസ് അവസരം ഉപയോഗപ്പെടുത്താൻ സഹായിക്കണമെന്ന് ഇയാൾ രാജകുടുംബാംഗത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വാട്സ്ആപിൽ പ്രഫുൽ പട്ടേൽ എംപിയുടെ ചിത്രമാണ് ഡി.പിയായി വെച്ചിട്ടുള്ളതും. എംപിയുടെ ഓഫീസിൽ നിന്ന് പരാതി ലഭിച്ചതനുസരിച്ച് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. അതേസമയം ഇയാൾക്ക് പണം തട്ടണമെന്ന ഉദ്ദേശം ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബിസിനസ് ലക്ഷ്യങ്ങൾക്കായി ഖത്തർ രാജകുടുംബാംഗവുമായി ബന്ധം സ്ഥാപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അസുഖ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവുകൾക്കായി പണം ആവശ്യമുണ്ടായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.
undefined
ഇന്റർനെറ്റിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന യുവാവ് ഒരു വെബ്സൈറ്റിൽ 500 രൂപ കൊടുത്താണ് ലോകമെമ്പാടുമുള്ള പ്രമുഖരായ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വാങ്ങിയത്. അതേസമയം ബിസിനസ് ബന്ധം സ്ഥാപിക്കുക മാത്രമായിരുന്നോ ഇയാളുടെ ലക്ഷ്യമെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പണം തട്ടാനുള്ള എന്തെങ്കിലും പരിപാടികൾ ഭാവിയിൽ ഉദ്ദേശിച്ചിരുന്നോ എന്ന് അറിയാൻ ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്.
യുവാവിന്റെ അച്ഛൻ ഹോട്ടൽ ബിസിനസ് നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം അത് നോക്കി നടത്താൻ യുവാവിന് കഴിഞ്ഞിരുന്നില്ല. ബിസിനസിൽ വലിയ നഷ്ടം വന്നു. തുടർന്നാണ് വേറെ വഴി നോക്കിയത്. ഖത്തർ രാജകുടുംബാംഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ പ്രഫുൽ പട്ടേലിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.