നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

By Web Team  |  First Published Jul 27, 2024, 12:55 PM IST

നിതി ആയോഗ് കൊണ്ട് പ്രയോജനമില്ലെങ്കില്‍  പിന്നെ എന്തുകൊണ്ട് പങ്കെടുത്തുവെന്നാണ് ശിവസേനയുടെ ചോദ്യം


ദില്ലി: നിതി ആയോഗ് പിരിച്ചുവിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി.  ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. യോഗത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം മറികടന്ന് യോഗത്തിൽ പങ്കെടുത്ത മമത ബാനര്‍ജിയെ ശിവസേന വിമര്‍ശിച്ചു.

കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധ സൂചകമായാണ് ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. ഇന്ന് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തിലാണ് മമത ബാനര്‍ജി പങ്കെടുത്തത്. പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച ബജറ്റ് രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി മാത്രമാണെന്ന് മോദിയുടെ സാന്നിധ്യത്തില്‍ മമത തുറന്നടിച്ചു. കേന്ദ്ര പദ്ധതികളില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കുകയാണെന്നും കുറ്റപ്പെടുത്തി. അഞ്ച് മിനിട്ട് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി. തുടര്‍ന്ന് യോഗത്തില്‍ നിന്ന്  മമത ബാനര്‍ജി ഇറങ്ങിപോയി. ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട മമത, നിതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും തുറന്നടിച്ചു.

Latest Videos

നിതി ആയോഗ് കൊണ്ട് പ്രയോജനമില്ലെങ്കില്‍  പിന്നെ എന്തുകൊണ്ട് പങ്കെടുത്തുവെന്നാണ് ശിവസേനയുടെ ചോദ്യം. പങ്കെടുക്കരുതെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തന്നോടാരും പറഞ്ഞില്ലെന്നായിരുന്നു മമതയുടെ നിലപാട്. മൂന്നാം മോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള നിതി ആയോഗിന്‍റെ ആദ്യ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് ചേര്‍ന്നത്.  ബജറ്റില്‍ ഒന്നും കിട്ടിയില്ലെന്ന് പരാതിപ്പെടുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക കൂടിയായിരുന്നു ഉദ്ദേശം. 
 

click me!