രഥയാത്രയിലുടനീളം മോദി കൂടെയുണ്ടായിരുന്നു, അയോധ്യക്ഷേത്രം നിർമാണത്തിന് മോദിയെ തെരഞ്ഞെടുത്ത് ശ്രീരാമന്‍: അദ്വാനി

By Web TeamFirst Published Jan 13, 2024, 10:07 AM IST
Highlights

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അഭാവം നോമ്പരപ്പെടുത്തുന്നതായും അദ്വനി പറഞ്ഞു.

ദില്ലി: അയോധ്യയിൽ ശ്രീരാമന്റെ ക്ഷേത്രം നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്ന് ബിജെപി നേതാവ് എൽ കെ അദ്വാനി. 'രാഷ്ട്ര ധർമ്മ' മാസികയുടെ പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിലാണ് അദ്വാനിയുടെ ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിനായി 33 വർഷം മുമ്പ് താൻ നടത്തിയ രഥയാത്രയെ കുറിച്ച് അദ്വാനി തന്റെ 'രാം മന്ദിർ നിർമാൺ, ഏക് ദിവ്യ സ്വപ്ന കി പൂർണി' എന്ന ലേഖനത്തിൽ പരാമർശിച്ചു. , ‌‌അയോധ്യ പ്രസ്ഥാനമാണ് തന്റെ രാഷ്ട്രീയ ജീവിതം മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അഭാവം നോമ്പരപ്പെടുത്തുന്നതായും അദ്വനി പറഞ്ഞു. ഇന്ന് രഥയാത്ര 33 വർഷം പൂർത്തിയാക്കി. 1990 സെപ്തംബർ 25 ന് രാവിലെ രഥയാത്ര ആരംഭിച്ചപ്പോൾ ഒരു പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. രഥയാത്രയിലുടനീളം നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് അദ്വാനി സൂചിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം അന്ന് അത്ര പ്രശസ്തനായിരുന്നില്ല. എന്നാൽ ആ സമയത്ത് തന്നെ ശ്രീരാമൻ തന്റെ ക്ഷേത്രം പുനർനിർമിക്കാൻ തന്റെ ഭക്തനെ തെരഞ്ഞെടുത്തിരുന്നുവെന്നും അദ്വാനി ലേഖനത്തിൽ പറയുന്നു.

Latest Videos

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സന്യാസിമാർ, മറ്റ് പ്രമുഖർ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, പ്രായാധിക്യ കാരണത്താൽ എൽ കെ അദ്വാനിയും മുരളീമനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കേണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ നിലപാട്. എന്നാൽ ഇരുവരെയും വിഎച്ച്പി ചടങ്ങിലേക്ക് ക്ഷണിച്ചു. 

click me!