ജില്ലയിലുടനീളമുള്ള ഭൂരേഖകൾ ഭേദഗതി ചെയ്യാൻ അധികാരികൾ സമ്മർദ്ദം ചെലുത്തുന്നുവെന്നും കർഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകൾ മാറ്റാൻ അധികാരികളെ നിർബന്ധിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
ബെംഗളൂരു: കർഷകരുടെ ഭൂമി വഖഫ് ബോർഡിന് കൈമാറിയെന്ന ആരോപണത്തിൽ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ്റെ രാജി ആവശ്യപ്പെട്ട് നവംബർ 4 മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി. കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ സർക്കാർ ഭൂരേഖകൾ മാറ്റിയെന്നും ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു. ജില്ലയിലുടനീളമുള്ള ഭൂരേഖകൾ ഭേദഗതി ചെയ്യാൻ അധികാരികൾ സമ്മർദ്ദം ചെലുത്തുന്നുവെന്നും കർഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകൾ മാറ്റാൻ അധികാരികളെ നിർബന്ധിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ), വാൽമീകി എസ്ടി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. അഴിമതിക്കേസുകൾ മറച്ചുവെക്കാൻ ഒന്നിനുപുറകെ ഒന്നായി വിവാദ വിഷയങ്ങൾ പുറത്തുകൊണ്ടുവരുകയാണെന്നും വഖഫ് പ്രശ്നം പ്രതിപക്ഷം സൃഷ്ടിച്ചതല്ലെന്നും കോൺഗ്രസ് സർക്കാരാണ് തുടക്കമിട്ടതെന്നും കുമാരസ്വാമി പറഞ്ഞു.
ഹവേരി ബിജെപി എംപിയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയും വിഷയത്തിൽ രംഗത്തെത്തി. കർഷകരുടെ കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. സർക്കാർ കർഷകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കണമെന്നും സംസ്ഥാനത്തുട നീളമുള്ള രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് കർഷകർക്ക് നീതി ഉറപ്പാക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി വഖഫ് വിഷയം ഉയർത്തിക്കാട്ടുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർഷകരുടെ ഭൂമി ആർക്കും നൽകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.
Read More... അമ്മയ്ക്ക് വരുമാനമുണ്ടെങ്കിലും മക്കൾക്ക് ചെലവിന് നൽകാൻ അച്ഛന് ഉത്തരവാദിത്വമുണ്ട്: ഹൈക്കോടതി
ബിജെപിയുടെ ഭരണകാലത്ത് ഭൂമിയുമായി ബന്ധപ്പെട്ട് 200ലധികം നോട്ടീസുകൾ നൽകിയിരുന്നു. അതിനെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്നും വിഷയത്തിൽ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നോട്ടീസുകൾ ഞങ്ങളുടെ സർക്കാർ നൽകിയിട്ടുണ്ടെങ്കിൽ അവ പിൻവലിക്കും. ഒരു കർഷകനെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഹാവേരിയിൽ കർഷകരുടെ ഭൂമി വഖഫ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. നിരവധി വീടുകൾക്ക് നേരെ കല്ലേറുണ്ടായി.