കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതിനാലാണ് കുട്ടി ചികിത്സക്കെത്തിയത്. ഇടത് കണ്ണിന് പകരം വലതു കണ്ണിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത്.
ദില്ലി: ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരന്‍റെ വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ് സംഭവം.
നവംബർ 12 നാണ് സെക്ടർ ഗാമ 1 ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴ് വയസ്സുകാരൻ യുധിഷ്ഠിർ ചികിത്സക്കെത്തിയത്. ഇടത് കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് കുട്ടിയുടെ പിതാവ് നിതിൻ ഭാട്ടി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, ഡോക്ടർ ആനന്ദ് വർമ്മ പറഞ്ഞത് കുട്ടിയുടെ കണ്ണിൽ കണ്ണിൽ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നാണ്. ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷന് 45,000 രൂപ ചെലവായെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
undefined
ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയപ്പോൾ ഇടത് കണ്ണിനല്ല, വലതു കണ്ണിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ ചോദിക്കാൻ ചെന്നപ്പോൾ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പരാതി നൽകി.
ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു, ആശുപത്രിക്കും ഡോക്ടർക്കുമെതിരെ വിധി, 60000 രൂപയും 5% പലിശയും നൽകണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം