193 പേരുമായി പറക്കുന്നതിനിടെ യാത്രക്കാരന്റെ സംശയം; ഇന്റിഗോ വിമാനം വഴിതിരിച്ചുവിട്ട് അടിയന്തിരമായി നിലത്തിറക്കി

By Web Team  |  First Published Nov 14, 2024, 10:46 PM IST

യാത്രക്കാരൻ വിമാനത്തിൽ വെച്ച് നൽകിയ വിവരം പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന് കൈമാറുകയും വിമാനം വഴിതിരിച്ചുവിടുകയുമായിരുന്നു.


റായ്പൂർ: 193 പേരുമായി പറക്കുകയായിരുന്ന ഇന്റിഗോ വിമാനം യാത്രക്കാരിൽ ഒരാൾ ഉന്നയിച്ച ആശങ്കയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം പറയുന്നയർന്ന് യാത്ര ഏകദേശം പകുതിയോളമായപ്പോൾ വിമാനത്തിൽ ബോംബ് ഉണ്ടെന്ന തരത്തിൽ ഒരു യാത്രക്കാരൻ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇന്റിഗോ വിമാനത്തിലാണ് സംഭവം. 

യാത്രക്കാരൻ പറഞ്ഞ വിവരം വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയും യാത്രാമദ്ധ്യേ റായ്പൂരിൽ എമർജൻസി ലാന്റിങ് അനുമതി തേടുകയുമായിരുന്നു. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. 187 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രോട്ടോക്കോൾ അനുസരിച്ചുള്ള വിശദ പരിശോധനകൾ നടത്തി. പൊലീസ്, ബോംബ് സ്ക്വാഡ് അംഗങ്ങൾ എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധിക്കുകയും എല്ലാവരുടെയും ലഗേജുകൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.

Latest Videos

undefined

പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിൽ വെച്ച് ബോബ് ഭീഷണി സന്ദേശം നൽകിയ യാത്രക്കാരനെ അധികൃതർ കസ്റ്റഡിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. വിമാനം പിന്നീട് മൂന്ന് മണിക്കൂറുകൾക്ക് ശേഷം കൊൽക്കത്തയിലേക്ക് തിരിച്ചു. സമാനമായ സംഭവം കഴിഞ്ഞ മാസം ബിലാസ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് പറന്ന വിമാനത്തിലും റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിരുന്നു. അന്നും വിശദ പരിശോധനകൾക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!