'എന്റെ സീറ്റിനടിയില്‍ ബോംബ്': ഇന്‍ഡിഗോ യാത്രക്കാരനായ 27കാരന്റെ 'വെളിപ്പെടുത്തല്‍', സംഭവിച്ചത്

By Web TeamFirst Published Jan 27, 2024, 9:35 PM IST
Highlights

ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ബോര്‍ഡിംഗ് സമയത്താണ് യുവാവ് പറഞ്ഞതെന്ന് മുംബൈ പൊലീസ്.

മുംബൈ: തന്റെ സീറ്റിനടിയില്‍ ബോംബുണ്ടെന്ന് യാത്രക്കാരനായ യുവാവ് പറഞ്ഞതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനം വൈകിയത് മണിക്കൂറോളം. സംഭവത്തില്‍ 27കാരനായ യുവാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 26ന് വൈകിട്ടാണ് സംഭവം. 

ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റിനടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ബോര്‍ഡിംഗ് സമയത്താണ് യുവാവ് പറഞ്ഞതെന്ന് മുംബൈ പൊലീസ് അറിയിച്ചു. 6E 5264 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യുവാവാണ് തന്റെ സീറ്റിനടിയില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞത്. വിവരം ലഭിച്ചയുടന്‍ പൊലീസും എയര്‍പോര്‍ട്ട് ഏജന്‍സികളും സ്ഥലത്തെത്തി. മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കി വ്യാപക പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

സംഭവത്തില്‍ 27കാരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ അറിയിപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506 (2), 505 (1) (ബി) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, എന്തിനാണ് ഇയാള്‍ വ്യാജ അറിയിപ്പ് നല്‍കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിലും വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്. ദര്‍ഭംഗയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ ബോംബ് വച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. അന്വേഷണത്തില്‍ ഈ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. വിമാനം ദില്ലി വിമാനത്താവളത്തില്‍ പറന്നിറങ്ങാനിരിക്കെയായിരുന്നു വ്യാജ സന്ദേശം എത്തിയത്. തുടർന്ന് കർശന പരിശോധന നടത്തിയിരുന്നു.

'വയറിൽ ആഴത്തിൽ മുറിവുകൾ, സ്വയം ചെയ്തതാകാൻ സാധ്യത'; പ്രവീണിന്റേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് 
 

click me!