നാരായണ്‍ ഭുജ് മന്ദിറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രമൂരി ആര്‍ത്തവ പരിശോധന നടത്തിയ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് സ്വാമിയുടെ പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്.
ഭുജ്: ആര്‍ത്തവ ദിനങ്ങളിലെ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആര്‍ത്തവ ദിനങ്ങളിലുള്ള സ്ത്രീയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ അടുത്ത ജന്മം കാളയായും വീട്ടുകാര്‍ക്ക് വേണ്ടി ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് നായ ആയും ജനിക്കുമെന്നാണ് പ്രസ്താവന. ശാസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ പ്രമുഖനായ സ്വാമി കൃഷ്ണസ്വരൂപ് പറയുന്നത്.
നാരായണ്‍ ഭുജ് മന്ദിറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രമൂരി ആര്‍ത്തവ പരിശോധന നടത്തിയ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് സ്വാമിയുടെ പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്. ഭൂജ് രാത്രി സഭയില്‍ നടന്ന സ്വാമി കൃഷ്ണസ്വരൂപിന്‍റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് സ്വാമി കൃഷ്ണ സ്വരൂപ് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
താന്‍ പറയുന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് എന്തും കരുതാം. ഇതെല്ലാം ആത്മീയ ഗ്രന്ഥങ്ങളില്‍ വിശദമാക്കുന്നതാണെന്നും സ്വാമികൃഷ്ണസ്വരൂപ് പറയുന്നു. പത്ത് വര്‍ഷത്തില്‍ ആദ്യമായാണ് താന്‍ ഇക്കാര്യം വിശ്വാസികളോട് പറയുന്നത്. തന്നോട് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആത്മീയ ഗുരുക്കന്മാരാണ് നിര്‍ദേശം നല്‍കിയത്. ഇതെല്ലാം നമ്മുടെ മതത്തിന്‍റെ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ഇവ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാം. പുരുഷന്മാര്‍ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കേണ്ടത് മതത്തിന്‍റെ രഹസ്യങ്ങള്‍ പാലിക്കാന്‍ ആവശ്യമാണ്.
ആര്‍ത്തവ ദിനങ്ങളിലുള്ള സ്ത്രീ ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് ഭക്ഷണമുണ്ടാക്കുന്നത്. ആ മൂന്ന് ദിവസങ്ങള്‍ സൗന്ദര്യാത്മകമായി പാലിക്കേണ്ടതാണ്. ഇതിനേക്കുറിച്ചും ആത്മീയ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തന്നെ വിവാഹിതനാവുന്നതിന് മുന്‍പ് ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചിരിക്കണമെന്നും നിര്‍ദേശിച്ചാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജിയുടെ അബദ്ധ പരാമര്‍ശം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറില്ലെന്ന് ശ്രീം സ്വാമി നാരായണ്‍ മന്ദിര്‍ ട്രസ്റ്റിയായ ജാദവ്ജി ഗോരസ്യ അഹമ്മദാബാദ് മിററിനോട് പറഞ്ഞു.