എത്ര സീറ്റുണ്ട് നിലവില്‍ 'ഇന്ത്യാ മുന്നണി'ക്ക് ലോക്സഭയിലും നിയമസഭകളിലും? കണക്കുകളിതാ

By Web TeamFirst Published Jan 24, 2024, 11:34 AM IST
Highlights

ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് ഇന്ത്യാ മുന്നണി

ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ പരീക്ഷണമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ ഹാട്രിക് ഭരണത്തിലേക്ക് വിടാതിരിക്കാന്‍ 'ഇന്ത്യാ മുന്നണി' എന്ന പുതിയ രാഷ്ട്രീയ സഖ്യം അണിയറയിലൊരുങ്ങുന്നു. നിലവില്‍ സഖ്യത്തിന്‍റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ എത്ര സീറ്റുകള്‍ ഇന്ത്യാ മുന്നണിക്ക് ലോക്സഭയിലും നിയമസഭകളിലുമുണ്ട് എന്ന് നോക്കാം. എന്‍ഡിഎയോട് മുഖാമുഖം ഏറ്റുമുട്ടാന്‍ എത്രമാത്രം കരുത്തരാണ് ഇന്ത്യാ മുന്നണി?

ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് ഇന്ത്യാ മുന്നണി. 2019ല്‍ എന്‍ഡിഎയ്ക്ക് എതിരെ പോരിനിറങ്ങി ദയനീയമായി പരാജയപ്പെട്ട യുപിഎയില്‍ നിന്ന് പാര്‍ട്ടികളുടെ എണ്ണത്തില്‍ കരുത്തരാണ് ഇന്ത്യാ മുന്നണി. എന്നാല്‍ പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും അത്ര കരുത്ത് ഇന്ത്യാ മുന്നണിക്ക് അവകാശപ്പെടാനാവില്ല. ലോക്സഭയിലെ 543 സീറ്റുകളില്‍ തുച്ഛമായ 142 എണ്ണമാണ് നിലവില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ളത്. 2019ലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 353 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അതില്‍ 303 ഉം സ്വന്തമാക്കിയത് ബിജെപിയായിരുന്നു എന്നോര്‍ക്കുക.  

Latest Videos

അതേസമയം 245 രാജ്യസഭ സീറ്റുകളില്‍ 98 എണ്ണമേ ഇന്ത്യാ മുന്നണിയുടെ പക്കലുള്ളൂ. സംസ്ഥാന നിയമസഭകളിലേക്ക് വന്നാല്‍ ആകെയുള്ള 4,036 സീറ്റുകളില്‍ 1,637 എണ്ണമാണ് ഇന്ത്യാ മുന്നണിക്ക് നിലവില്‍ അവകാശപ്പെടാനുള്ളൂ. സംസ്ഥാന നിയമസഭാ കൗണ്‍സിലുകളിലെ 423ല്‍ 120 സീറ്റുകളും ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ പങ്കുവെക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 31 ഇടത്തെ സര്‍ക്കാരുകളില്‍ 10 ഇടത്ത് മാത്രമേ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ ഭരിക്കുന്നുള്ളൂ. 2019ല്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ യുപിഎയ്ക്ക് 91 സീറ്റുകളെ ഉണ്ടായിരുന്നുള്ളൂ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ മറികടക്കാന്‍ എത്രത്തോളം വലിയ പോരാട്ടം ഇന്ത്യാ മുന്നണി കാഴ്ചവെക്കേണ്ടതുണ്ട് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Read more: കേരളത്തിൽ മാത്രമല്ല; 2019ല്‍ ഈ സംസ്ഥാനങ്ങളിലും ബിജെപി പൂജ്യമായി, രണ്ടാമത് പോലുമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!