ലോക്സഭ അക്രമം; അന്വേഷിക്കാൻ സമിതി രൂപീകരിച്ചു, പ്രതികൾക്ക് പാസ് നൽകിയ എംപിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Dec 13, 2023, 11:35 PM IST
Highlights

സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും.

ദില്ലി: പാർലമെൻ്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം. സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും. അതേസമയം, രാജ്യത്തെ ഞെട്ടിച്ച സംഭവം നിസാര വത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും, സുരക്ഷ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി. ഒരു പ്രതിപക്ഷ എംപിയായിരുന്നു പാസ് നല്‍കിയിരുന്തെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന ചോദ്യവും ഉയരുന്നു.

പുതിയ മന്ദിരത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന സര്‍ക്കാരിന്‍റെ അവകാശവാദം പൊളിക്കുന്നതായി ലോക്സഭയിലെ അക്രമം. എന്നാല്‍ സംഭവം ഒന്നുമല്ലെന്ന് വരുത്താനാണ് പിന്നീട് ശ്രമം നടന്നത്. മുന്‍ നിശ്ചയിച്ചതുപോലെ ലോക് സഭ വീണ്ടും ചേര്‍ന്നു. വെറും പുകമാത്രമാണന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കരുടെ പ്രതികരണം. പ്രതികളെ പിടികൂടി കഴിഞ്ഞല്ലോയെന്നും കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുന്നു. എന്നാല്‍, അഞ്ച് വലയം സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി അക്രമികള്‍ എങ്ങനെ അകത്തു കടന്നുവെന്നതാണ് ഉയരുന്നു ചോദ്യം. ബിജെപി എംപി നല്‍കിയ പ്രവേശന പാസായതിനാല്‍ പരിശോധന ലഘൂകരിച്ചോയെന്നും പ്രതിപക്ഷം ചോദിക്കുന്നു. അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

Latest Videos

ആളുകളെ കൃത്യമായി മനസിലാക്കി മാത്രമേ പാസ് നല്‍കാവൂയെന്നാതാണ് നിര്‍ദ്ദേശമെന്നിരിക്കേ മൈസൂരു എംപി പ്രതാപ് സിന്‍ഹയും ചോദ്യത്തിന്‍റെ നിഴലിലാവുന്നു. രാജ്യസുരക്ഷയുടെ പേരില്‍ മഹുവ മൊയ്ത്രയെ പുറത്താക്കിയ സര്‍ക്കാര്‍ മൈസൂരു എംപിയെ പുറത്താക്കുമോയെന്ന ചോദ്യവും ഉയരുന്നു. രാഷ്ട്രപതിയെ കാണാന്‍ തയ്യാറെടുത്തും, ഇന്ത്യ സഖ്യയോഗം വിളിച്ചും തുടര്‍നീക്കങ്ങള്‍ക്ക് പ്രതിപക്ഷം മൂര്‍ച്ച കൂട്ടുകയാണ്.

click me!