'രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ നിലപാട് സങ്കടപ്പെടുത്തുന്നത്'; ​ഗുജറാത്ത് കോൺ​ഗ്രസ് എംഎൽഎ രാജിവെച്ചു 

By Web TeamFirst Published Jan 20, 2024, 12:11 PM IST
Highlights

ചാവ്ദയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ എണ്ണം 15 ആയി.

അഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ സമീപനത്തിൽ വിയോജിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ സിജെ ചാവ്ദ എംഎൽഎ സ്ഥാനം രാജിവച്ചു. വിജാപൂർ നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ അദ്ദേഹം രാവിലെ ഗാന്ധിനഗറിൽ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമർപ്പിച്ചതായി നിയമസഭാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. 25 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചു. രാം മന്ദിറിലെ പ്രാൺ പ്രതിഷ്ഠയിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും ആഹ്ലാദിക്കുമ്പോൾ ചടങ്ങിന്റെ ഭാഗമാകുന്നതിന് പകരം കോൺഗ്രസിന്റെ നിഷേധാത്മക സമീപനത്തിൽ അസ്വസ്ഥനാണെന്നും അതുകൊണ്ട് രാജിവെക്കുകയാണെന്നും സിജെ ചാവ്ദ പറഞ്ഞു.  

ഗുജറാത്ത് പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും നമ്മൾ പിന്തുണയ്ക്കണം. പക്ഷേ, കോൺഗ്രസിൽ ആയിരിക്കുമ്പോൾ എനിക്ക് അതിന് സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാവ്ദയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ എണ്ണം 15 ആയി. ചാവ്‍ദ ബിജെപിയിൽ ചേരുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുവരെ അദ്ദേഹം ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും സ്ഥാനം രാജിവച്ചിരുന്നു. അ‌‌യോധ്യ രാമക്ഷേത്രത്തിലെ 'പ്രാൺൻ പ്രതിഷ്ഠ' ചടങ്ങ് ജനുവരി 22 ന് നടക്കും. ക്ഷേത്രം അടുത്ത ദിവസം പൊതുജനങ്ങൾക്കായി തുറക്കും. 

Latest Videos

click me!