സിറിയയിൽ നിന്ന് ഇന്ത്യക്കാരെ ബസ് മാർഗം ലെബനനിലേയ്ക്കാണ് ആദ്യം എത്തിച്ചത്.
ദില്ലി: രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സിറിയയിൽ നിന്ന് നാല് ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. ദില്ലിയിൽ എത്തിയതിന് പിന്നാലെ ഇവർ ഇന്ത്യൻ എംബസിയ്ക്ക് നന്ദി പറഞ്ഞു. തങ്ങളെ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിക്കാനായി ഇന്ത്യൻ എംബസി നടത്തിയ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തു.
സിറിയയിൽ നിന്ന് ഇന്ത്യക്കാരെ ലെബനനിലേയ്ക്കാണ് ആദ്യം എത്തിച്ചത്. വിമാന സർവീസുകൾ നടത്താത്തിനാൽ ബസിലാണ് ലെബനനിൽ എത്തിയത്. പിന്നീട് അവിടെ നിന്ന് വിമാന മാർഗം ഗോവയിലേയ്ക്കും ദില്ലിയിലേയ്ക്കും എത്തിക്കുകയായിരുന്നു. ബാഷർ അസദിൻ്റെ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ പൗരന്മാരെയും സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ സിറിയയിൽ നിന്ന് 77 ഇന്ത്യൻ പൗരന്മാരെയാണ് ഒഴിപ്പിച്ചത്. ഭൂരിഭാഗം പൗരൻമാരും ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയെന്നും ശേഷിക്കുന്നവർ ഇന്നോ നാളെയോ എത്തുമെന്നും വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ആണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. ദമാസ്‌കസിൻ്റെ നിയന്ത്രണം വിമതർ ഏറ്റെടുത്തതോടെ ഞായറാഴ്ച സിറിയൻ സർക്കാരിൻ്റെ പതനത്തിന് വഴിയൊരുങ്ങി. എന്നാല്‍ ഇതിന് മുമ്പ് തന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇതോടെ 54 വർഷത്തെ കുംടുംബ വാഴ്ച്ചയ്ക്കാണ് അന്ത്യം കുറിച്ചത്. ഇതിന് പിന്നാലെ സിറിയയിലെ മറ്റ് പല പ്രധാന നഗരങ്ങളും പട്ടണങ്ങളും വിമതർ പിടിച്ചെടുക്കുകയായിരുന്നു.
READ MORE: റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ മോചനം ഉടൻ സാധ്യമാകുമെന്ന് പ്രതീക്ഷ: ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ