ചലോ ദില്ലി മാര്‍ച്ച് തത്കാലം നിര്‍ത്തി കര്‍ഷകര്‍; കൂടുതൽ കര്‍ഷകരെ എത്തിക്കാൻ നീക്കം, പ്രതിഷേധം ശക്തമാക്കും

By Web TeamFirst Published Feb 23, 2024, 9:06 PM IST
Highlights

കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം

ദില്ലി: കൂടുതൽ കര്‍ഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്ന് കർഷക നേതാക്കൾ പറയുന്നു. ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്.ഐ.ആര്‍ ആണെന്നാണ് ഇരു കൂട്ടരുടെയും നിലപാട്.

Latest Videos

ഹരിയാന ദില്ലി അതിര്‍ത്തിയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മോദിയുടെയും ഹരിയാന അഭ്യന്തര മന്ത്രി അനിൽ വിജിന്റെയും കോലമാണ് ശംഭൂ അത്തിർത്തിയിൽ കത്തിച്ചത്. മോദി കർഷക വിരോധി എന്ന് മുദ്രാവാക്യം മുഴക്കിയ കര്‍ഷകര്‍, വെടിയുതിർത്ത ഹരിയാന പോലീസിനെതിരെ നടപടി വേണമെന്നും മുദ്രാവാക്യം മുഴക്കി.

ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു .ഹിസാറിലെ കേരി ചോപ്ടയിൽ നിന്ന് ഖനൗരി അതിർത്തിയിലേക്കുള്ള കർഷകരുടെ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘർഷമുണ്ടായി. പ്രാദേശിക കർഷക സംഘടനകളാണ് സമരം ചെയ്തത്. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷക നേതാക്കളില്‍ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഹരിയാനയിലെ നിയമസഭയില്‍ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ അവതരിപ്പിച്ച ബജറ്റില്‍ കർഷക‍ർക്ക്  വിവിധ ഇളവുകൾ പ്രഖ്യാപിച്ചു.  2024  മെയ് മാസത്തിനുള്ളിൽ വായ്പ അടച്ച് പൂര്‍ത്തിയാക്കുന്നവർക്ക്  വായ്പ പലിശയിളവിനൊപ്പം പിഴയിളവും നല്‍കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.  14 വിളകള്‍ക്ക്  സർക്കാർ താങ്ങുവില നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞു.

ചലോ ദില്ലി മാർച്ചിൽ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കർഷക സംഘടനകൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് ഇന്ന് അതിര്‍ത്തിയിൽ മരിച്ചത്. ഖനൗരി അതിർത്തിയിലെ പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയിൽ ദർശൻ സിംഗ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നും, ഇന്നലെ അർദ്ധ രാത്രി മരിച്ചുവെന്നും  കർഷക നേതാക്കൾ പറഞ്ഞു. ഖനൗരി അതിർത്തിയിൽ മൂന്നും ശംഭു അതിർത്തിയിൽ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരക്കാരെ തടഞ്ഞ 3 ഹരിയാന പോലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റു എന്നും ഹരിയാന പോലീസ് അറിയിച്ചു. ബുധനാഴ്ച ഖനൗരിയിൽ പോലീസ് വെടിവയ്പ്പിൽ മരിച്ച യുവ കർഷകൻ ശുഭ കരൻ സിംഗിന്റെ മൃതദേഹം നിലവിൽ പട്യാല ആശുപത്രിയിൽ ആണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!