കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 2.45 കോടി നഷ്ടപരിഹാരം; ശമ്പളാടിസ്ഥാനത്തിൽ വിധി

By Web TeamFirst Published Feb 11, 2024, 2:06 PM IST
Highlights

2014 ജൂലൈ 24ന് വൈകുന്നേരം 6.50നാണ് അപകടം സംഭവിച്ചത്. ആ വര്‍ഷം ഡിസംബറിൽ തന്നെ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്.

മുംബൈ: കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. രാജ്യത്ത് തന്നെ വാഹനാപകട കേസുകളിൽ വിധിക്കപ്പെടുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിലൊന്നാണ് ഇത്. പത്ത് വര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ഇപ്പോൾ മോട്ടോർ വാഹന അപകട ട്രിബ്യൂണലിന്റെ വിധി. 2.45 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ ഈ തുകയ്ക്ക് ഇത്രയും കാലത്തെ പലിശയും നൽകണം.

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായ പ്രിയന്ത് പതക് ആണ് അപകടത്തിൽ മരിച്ചത്. മുംബൈ അനുശക്തി നഗറിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ കാര്‍ വന്നിടിക്കുകയായിരുന്നു. കാറുടമയായും വാഹനം ഓടിച്ചിരുന്നയാളുമായ നോബിൾ ജേക്കബ്, കാര്‍ ഇൻഷുർ ചെയ്തിരുന്ന ഇൻഷുറൻസ് കമ്പനി എന്നിവരെ പ്രതിയാക്കിയാണ് മരിച്ച ജീവനക്കാരന്റെ ഭാര്യ മീര പതകും മൂന്ന് പെൺമക്കളും കോടതിയെ സമീപിച്ചത്. 2014 ഡിസംബര്‍ 19നാണ് കേസ് ഫയൽ ചെയ്തത്. മരണപ്പെടുന്ന സമയത്ത് പ്രിയന്ത് പതകിന്റെ മാസ ശമ്പളം 1.26 ലക്ഷം രൂപയായിരുന്നു. ഇത് അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോർ വാഹന അപകട ട്രിബ്യൂണൽ നഷ്ടപരിഹാരം കണക്കാക്കിയത്. ഭര്‍ത്താവ് മരണപ്പെടുന്ന സമയത്ത് മീര പതകിന് 44 വയസായിരുന്നു പ്രായം. മൂന്ന് മക്കൾക്കും അന്ന് 18 വയസിൽ താഴെയായിരുന്നു പ്രായം.

Latest Videos

2014 ജൂലൈ 24ന് വൈകുന്നേരം 6.50നാണ് അപകടം സംഭവിച്ചത്. ചെറിയ വേഗതയിൽ ബൈക്ക് ഓടിച്ചിരുന്ന പ്രിയന്ത് പതകിന് നേരം അമിത വേഗത്തിലും അശ്രദ്ധമായും പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരണപ്പെട്ടു. കാര്‍ ഓടിച്ചിരുന്നയാൾ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതാണ് ഒരാളുടെ ജീവൻ നഷ്ടമാവുന്ന അപകടത്തിലേക്ക് നയിച്ചതെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു.  പ്രിയന്ത് പതകിന്റെ ആക്സ്മിക മരണം തങ്ങള്‍ക്കുണ്ടായ മനോവേദനയ്ക്ക് പുറമെ അദ്ദേഹത്തിന്റെ വരുമാനം കുടുംബത്തിന് നൽകിയ സുരക്ഷിതത്വവും ഇല്ലാതാക്കി. ഇതിനേക്കാളെല്ലാം വലുതായിരുന്നു തനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും നഷ്ടമായതെന്നും ഭാര്യ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം പ്രിയന്ത് പതക് അശ്രദ്ധമായി വാഹനം ഓടിച്ചതു കൊണ്ടാണ് അപകടമുണ്ടായതെന്നും അതിന് അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്നും വിചാരണയ്ക്കിടെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ആരോപിച്ചു. അമിത വേഗത്തിൽ ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് അദ്ദേഹം വാഹനം ഓടിച്ചുകയറ്റിയെന്നും ആ സമയത്ത് ഹോണടിച്ചില്ലെന്നും മെയിൻ റോഡിലൂടെ വാഹനം വരുന്നുണ്ടോ എന്ന് നോക്കിയില്ലെന്നും കമ്പനി ആരോപിച്ചു.

എന്നാൽ ബൈക്ക് യാത്രക്കാരൻ അമിതമായ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞത്, അപകടത്തിന് മുമ്പ് തന്നെ അദ്ദേഹം ആ ബൈക്ക് കണ്ടിരുന്നുവെന്നതിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. ബൈക്ക് അമിത വേഗത്തിലായിരുന്നു എന്ന് സമ്മതിച്ചാൽ പോലും നേരത്തെ അത് കണ്ടതിനാൽ റോഡിന്റെ വീതി കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന് സുരക്ഷിതമായി വാഹനം നിര്‍ത്തുകയോ അപകടം ഒഴിവാക്കുകയോ ചെയ്യാമായിരുന്നു എന്നും അപകടത്തിന് കാർ ഡ്രൈവര്‍ ഉത്തരവാദിയാണെന്നും ട്രിബ്യൂണൽ വിധിക്കുകയായിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക കണക്കാക്കി വിധി പ്രസ്താവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!