ലാഭകരമല്ലെന്ന് നിർമാണ കമ്പനികളുടെ പരാതി, ആസ്ത്മ അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം

By Web Team  |  First Published Nov 14, 2024, 10:41 AM IST

ചികിത്സാ ചിലവ് കാരണം ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത രോഗികൾക്ക് ഇരുട്ടടിയാവുന്ന തീരുമാനവുമായി കേന്ദ്രം. 8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി


ദില്ലി: 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം.  50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ് വില വർധനവ്. രാജ്യത്ത് അവശ്യമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ എട്ട് മരുന്നുകളുടെ വില വർധിപ്പിക്കാൻ ഈ അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി. ചികിത്സാ ചിലവ് കാരണം ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത രോഗികൾക്ക് കേന്ദ്രസർക്കാരിൻ്റെ തീരുമാനം ഇരുട്ടടിയാകും.

ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്. വിപണിയിൽ പൊതുവെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഇത്തരം മരുന്നുകൾക്ക് ഇനി 50% അധിക വില നൽകേണ്ടി വരും.

Latest Videos

undefined

ആസ്തമയ്ക്ക് ഉപയോഗിക്കുന്ന സാൽബുട്ടാമോളിന് ഇപ്പോൾ 18 രൂപയാണ് വിപണിവില, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വില 50% ഉയരും. ക്ഷയത്തിന് ഉപയോഗിക്കുന്ന സ്ട്രെപ്റോമൈസിന് ഇപ്പോൾ 9 രൂപയാണ് വിപണിവില. അത് 13 ആയി ഉയരും. മാനസിക വൈകല്ല്യത്തിൻ്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിഥിയം ഗുളികകളുടെ വില പതിനഞ്ചിൽ നിന്ന് 22 ലേക്ക് ഉയരും. ഗ്ലോക്കോമയ്ക്ക് ഉപയോഗിക്കുന്ന പിലോകാർപൈന് വില എഴുപതായി ഉയരും. ആൻ്റിബയോട്ടികായ ബെൻസിപെൻസിലിൻ്റെ വില എട്ട് രൂപയിൽ നിന്ന് പന്ത്രണ്ടാകും. 

അവശ്യമരുന്നുകളുടെ വിലവർധനവിൽ കേന്ദ്രം തീരുമാനമെടുക്കുമ്പോൾ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾ അഥവാ നോണ്‍ എസൻഷ്യൽ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് മാർക്കറ്റുകളാണ്. മാർക്കറ്റിന് അനുസരിച്ച് നോണ്‍ എസൻഷ്യൽ മരുന്നുകളുടെ വില ഇടക്കിടെ കൂടാറുണ്ടെങ്കിലും അവശ്യമരുന്നുകളുടെ വില അത്യാവശ്യമെങ്കിൽ മാത്രമേ വർധിപ്പിക്കാൻ കഴിയൂ.

2012 നാഷണൽ സാംപിൾ സർവേയുടെ കണക്ക് അനുസരിച്ച് 23 ശതമാനം പേർ രാജ്യത്ത് ചികിത്സാ ചെലവ് കാരണം ആശുപത്രിയിൽ ഫോകാൻ നിവൃത്തി ഇല്ലാത്തവരാണ്.199 9 - 2000 കാലഘട്ടത്തിൽ മാത്രം 3. 25 കോടി പേർ ആശുപത്രി ചികിത്സയുടെ പേരിൽ ദാരിദ്രരേഖയ്ക്ക് പോയെന്നും കണക്കുകളുണ്ട്. ഇത്രയും രേഖകൾ മുന്നിലുള്ളപ്പോഴാണ് കേന്ദ്രത്തിൻ്റെ തിരക്കിട്ട നീക്കമെന്നതാണ് ശ്രദ്ധേയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!