സ്വാതി മലിവാളിൻ്റെ പരാതി; അരവിന്ദ് കെജ്രിവാളിന്‍റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു

By Web TeamFirst Published May 17, 2024, 1:01 AM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അരവിന്ദ് കെജ്രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കെജ്രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ  പരാതിയിലാണ് നടപടി. പരാതി നല്‍കിയ വിവരം സ്വാതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ  നേരത്തെ അറിയിച്ചിരുന്നു.

 കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. എന്നാൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല.ഇന്ന് വൈകിട്ടോടെയാണ് സ്വാതി പൊലീസിൽ പരാതി നൽകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദില്ലി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വാതി പരാതി നല്‍കിയത്.

Latest Videos

സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് എം.പിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ബൈഭവ് കുമാറിനെ വനിതാ കമ്മിഷന്‍ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷന്‍  കേസിൽ സ്വമേധയാ ഇടപെടുകയായിരുന്നു. അതേസമയം വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിട്ട്  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, തെരഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റ് പല പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ടെന്നും സ്വാതി മലിവാള്‍ പ്രതികരിച്ചു. 

വീഡിയോ സ്റ്റോറി കാണാം

Read More : കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

click me!