പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈം​ഗികബന്ധവും ബലാത്സം​ഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് ബോംബെ ​ഹൈക്കോടതി

By Web Team  |  First Published Nov 15, 2024, 4:00 PM IST

ഭാര്യ നൽകിയ ബലാത്സംഗ കേസിൽ പ്രതിയായ ഭർത്താവിന് കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ കഠിന തടവ് ബെഞ്ച് ശരിവെച്ചു.


മുംബൈ: ഒരു പുരുഷൻ പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നൽകിയ ബലാത്സം​ഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 

പുരുഷനുമായി നിർബന്ധിത ലൈം​ഗികബന്ധത്തിലേർപ്പെട്ട യുവതി ​ഗർഭിണിയാകുകയും പിന്നീട് ഇതേയാൾ തന്നെ യുവതിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ, ഇവരുടെ ​ദാമ്പത്യബന്ധം വഷളായതാണ് ഭർത്താവിനെതിരെ പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വന്നെന്ന ഇരയുടെ ആരോപണം കണക്കിലെടുത്ത് വിവാഹം എന്നത് ഒരു വാദത്തിന് വേണ്ടി പരി​ഗണിച്ചാൽ പോലും അത് ബലാത്സംഗമായി മാറുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെയോ ഭാര്യയെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോൾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് നിയമപരിരക്ഷ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു.   

Latest Videos

മഹാരാഷ്ട്രയിലെ വാർധയിൽ പിതാവിനും സഹോദരിമാർക്കും മുത്തശ്ശിക്കുമൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ അയൽവാസിയായിരുന്നു ഈ കേസിലെ പ്രതി. 2019ലാണ് യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകുന്നത്. പരാതി നൽകുന്നതിന് മുമ്പ് 3-4 വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ സമയം പ്രതി നിരന്തരമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുമായിരുന്നെങ്കിലും യുവതി നിരസിക്കുകയായിരുന്നു. പിന്നീട് യുവതിയ്ക്ക് മറ്റൊരിടത്ത് ജോലി ലഭിച്ചു. ഈ സമയം യുവതിയെ ജോലിയ്ക്ക് കൊണ്ട് പോകുകയും തിരിച്ച് എത്തിക്കുകയും ചെയ്ത പ്രതി ഒടുവിൽ നിർബന്ധിത ലൈം​ഗിക ബന്ധത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 

തുടക്കത്തിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞെങ്കിലും പിന്നീട് അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും യുവതിയെ ​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. പിതൃത്വം നിഷേധിക്കുകയും ശാരീരികമായ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. അറസ്റ്റിലായതിന് പിന്നാലെ ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നും അതിജീവിത തൻ്റെ ഭാര്യയാണെന്നും പ്രതി അവകാശപ്പെട്ടു. എന്നാൽ, കുറ്റകൃത്യം നടന്ന തീയതിയിൽ ഇരയ്ക്ക് 18 വയസ്സിന് താഴെയായിരുന്നുവെന്ന് കോടതിയ്ക്ക് ബോധ്യമായി. പ്രതിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.

READ MORE: 'സമ്പന്നരായ സ്ത്രീകളെ ​ഗർഭിണികളാക്കണം, ലക്ഷങ്ങൾ പ്രതിഫലം', ചതിയിൽ വീണത് നിരവധി തൊഴിലില്ലാത്ത യുവാക്കൾ

click me!