രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു, ഇത് ഭരണഘടനാ ലംഘനം: സീതാറാം യെച്ചൂരി

By Web TeamFirst Published Dec 26, 2023, 3:09 PM IST
Highlights

കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ  തീരുമാനമാണെന്ന് യെച്ചൂരി. സീതാറാം എന്ന് പേരുള്ളയാൾ അയോധ്യയിൽ പോകുന്നില്ലെന്ന് വിഎച്ച്പി

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു.

രാഷ്ട്രീയവൽക്കരിക്കുന്നതിനാലാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു. കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ  തീരുമാനമാണ്. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി. 

Latest Videos

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമർശിച്ച് വിഎച്ച്പി രംഗത്തെത്തി. സീതാറാം എന്ന് പേരുള്ളയാൾ അയോധ്യയിൽ പോകുന്നില്ല. സ്വന്തം പേരിനോട് ഇത്രയും വെറുപ്പുള്ളത് കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്ന് വക്താവ് വിനോദ് ബൻസൽ പറഞ്ഞു. രാമനോടാണോ സ്വന്തം പേരിനാടാണോ വെറുപ്പ് എന്ന് വ്യക്തമാക്കണമെന്നും ബൻസൽ ആവശ്യപ്പെട്ടു.

സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം നേതാക്കളാരും പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

അതേസമയം ച‍ടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻസിപി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നാണ് കോൺഗ്രസ് അറിയിച്ചത്. രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ബിജെപിയുടെ തീരുമാനം. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!