ബിജെപി മാറി കോൺ​ഗ്രസ് വന്നിട്ടും രക്ഷയില്ല, ഇപ്പോഴും കൈമടക്ക് 40 ശതമാനം തന്നെ!, ആരോപണവുമായി കരാറുകാർ

By Web TeamFirst Published Feb 10, 2024, 11:15 AM IST
Highlights

ഒരാഴ്ചയ്ക്കുള്ളിൽ 300 കോടി രൂപയുടെ പാക്കേജ് ടെൻഡറുകൾ വിളിച്ച ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ നടപടിയിൽ അദ്ദേഹം ആശങ്ക ഉന്നയിച്ചു.

ബെം​ഗളൂരു: കർണാടകയിൽ അധികാരം മാറിയിട്ടും 40 ശതമാനം കമ്മീഷൻ എന്ന രീതി മാറിയിട്ടില്ലെന്ന് കരാറുകാർ. ഉദ്യോഗസ്ഥർ പണം പിരിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്ക് കൈമാറുകയാണെന്ന് കരാറുകാരുടെ സംഘടനാ നേതാവ് കെമ്പണ്ണ ആരോപിച്ചു. നേരത്തെ രാഷ്ട്രീയക്കാർ നേരിട്ട് കമ്മീഷൻ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയക്കാരുടെ പേരിൽ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. 40 ശതമാനം കമ്മീഷനെന്ന രീതി കോൺഗ്രസ് സർക്കാരും തുടരുകയാണെന്ന് കെമ്പണ്ണ അഭിപ്രായപ്പെട്ടു. 

വിവിധ വകുപ്പുകൾ നടത്തുന്ന അനാവശ്യ ടെൻഡർ പാക്കേജുകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ തങ്ങൾ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ പത്തിലധികം കത്തുകൾ എഴുതിയിട്ടുണ്ടെന്നും കെമ്പണ്ണ പറഞ്ഞു. രാഷ്ട്രീയക്കാരായ യജമാനന്മാർക്ക് വേണ്ടിയാണ് കമ്മീഷൻ വാങ്ങുന്നതെന്നും ഇവർ ആരോപിച്ചു. പാക്കേജ് ടെൻഡർ സംവിധാനം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കരാറുകാർക്ക് അനുകൂലമായി തയാറാക്കിയതാണ്. ഇത് വ്യാപകമായ അഴിമതിക്ക് കാരണമാകുന്നു. യഥാർത്ഥ കരാറുകാർക്ക് അനീതി നേരിടുന്നു. ഒരാഴ്‌ചയ്‌ക്കകം പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് കെമ്പണ്ണ മുന്നറിയിപ്പ് നൽകി.

Latest Videos

ഒരാഴ്ചയ്ക്കുള്ളിൽ 300 കോടി രൂപയുടെ പാക്കേജ് ടെൻഡറുകൾ വിളിച്ച ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ നടപടിയിൽ അദ്ദേഹം ആശങ്ക ഉന്നയിച്ചു. പദ്ധതി അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി ആവശ്യപ്പെടുന്നതായി കെമ്പണ്ണ ആരോപിച്ചു. രണ്ടുവർഷമായിട്ടും പൂർത്തീകരിച്ച പ്രവൃത്തികൾക്കുള്ള പണം അനുവദിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. എല്ലാ ടെൻഡറുകളിലും പണം ചോദിക്കുന്ന 15 ചീഫ് എൻജിനീയർമാർ ബിബിഎംപിയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടെ ആയിരക്കണക്കിന് പേജുകളുള്ള പരാതി റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് നാഗമോഹൻ ദാസ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 

click me!