കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുല്‍ ഗാന്ധി കപ്പല്‍ മുങ്ങുന്നതിന് മുമ്പ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടു.
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി സമ്പൂര്‍ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാലും രക്ഷപ്പെടില്ലെന്നും ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ആരു വിചാരിച്ചാലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ശക്തമായ പ്രതിപക്ഷമാകാന്‍ തന്‍റെ പാര്‍ട്ടിക്ക് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
പുണെയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുല്‍ ഗാന്ധി കപ്പല്‍ മുങ്ങുന്നതിന് മുമ്പ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിദേശ സഞ്ചാരം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി അപക്വമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
100 സീറ്റുകള്‍ ന്യൂനപക്ഷത്തിന് മാറ്റിവെച്ചിരിക്കുന്നെന്ന് പറയുന്നു. എന്നാല്‍, ഏതെങ്കിലും പാര്‍ട്ടി ന്യൂനപക്ഷത്തിന് നേതൃത്വ സ്ഥാനം നല്‍കിയിട്ടുണ്ടോ. സാമ്പത്തിക സംവരണം ബിജെപി പാര്‍ലമെന്‍റില്‍ നടപ്പാക്കുമ്പോള്‍ ഒറ്റ ന്യൂന പക്ഷ എംപിമാരും എതിര്‍ക്കാതിരിക്കാന്‍ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.