ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ. ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ.
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റമുട്ടൽ. ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്തനാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ സൈന്യത്തിന്റെ തെരച്ചിൽ നടപടികൾ തുടരുകയാണ്. ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്
ഒന്നരവർഷത്തിന് ശേഷമാണ് ശ്രീനഗർ നഗരത്തിനുള്ളിൽ ഏറ്റുമുട്ടൽ നടക്കുന്നത്. നഗരത്തിലെ ലാൽചൌക്കിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടക്കുന്ന ഖാനിയാർ. സുരക്ഷാസേന തെരയുന്ന ലഷക്കർ ഇ തായിബ കമാൻഡർ ഉസ്മാൻ ഉൾപ്പെടെ രണ്ട് പേർ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരന്നു. രൂക്ഷമായ ഏറ്റുമുട്ടൽ ഇവിടെ തുടരുകയാണ്.
undefined
കൂടുതൽ സൈന്യത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ അനന്തനാഗിലെ കോക്കർനാഗിൽ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. അതെസമയം ഇന്നലെ രാത്രി ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചിൽ തുടരുകയാണ്. വനമേഖലയിൽ ഈ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായിട്ടാണ് വിവരം. അതെസമയം കശ്മീർ മേഖലയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ജമ്മു മേഖലയിലും ജാഗ്രത തുടരുകയാണ്. ദോഡാ, രജൌരി, പൂഞ്ച് ഉൾപ്പെടെ മേഖലകളിലായി മുപ്പതിടങ്ങളിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.