കുംഭമേളയ്ക്ക് ചരിത്ര പ്രദര്‍ശനവും; ചന്ദ്രശേഖര്‍ ആസാദിന്റെ പുകയില്ലാ പിസ്റ്റൾ 'ബാംതുൽ ബുഖാറ' മുഖ്യ ആകര്‍ഷണം

By Web Team  |  First Published Nov 4, 2024, 1:13 PM IST

സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സമാനതകളില്ലാത്ത സാന്നിധ്യമായ ചന്ദ്രശേഖർ ആസാദിന്റെ ഐതിഹാസിക പിസ്റ്റളും  ചിത്രങ്ങളും പ്രത്യേക പ്രദർശനത്തിനുണ്ടാകും. 


ലഖ്നൗ: യുപിയിലെ മഹാ കുംഭമേളയുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമൊരുക്കാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ്  പ്രദര്‍ശനമൊരുക്കുന്നതെന്ന് യുപി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.   സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സമാനതകളില്ലാത്ത സാന്നിധ്യമായ ചന്ദ്രശേഖർ ആസാദിന്റെ ഐതിഹാസിക പിസ്റ്റളും  ചിത്രങ്ങളും പ്രത്യേക പ്രദർശനത്തിനുണ്ടാകും. 

അലഹബാദ് മ്യൂസിയം ശേഖരത്തിൽ നിന്നുള്ള  ആയുധങ്ങളും ചരിത്രപ്രധാനമായ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മഹാകുംഭമേള ആഘോഷങ്ങൾക്കിടയിൽ  അഭിമാനകരവും ചരിത്രപരവുമായ  കാഴ്ചയൊരുക്കുക എന്നതാണ് പ്രദർശനം ലക്ഷ്യമിടുന്നത് എന്ന് അലഹബാദ് മ്യൂസിയം ഡെപ്യൂട്ടി ക്യൂറേറ്റർ ഡോ. രാജേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ പ്രദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. പ്രയാഗ് രാജിൽ എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് സ്വാതന്ത്ര്യ സമര കഥകൾ പരിചയപ്പെടുത്തുകയാണ് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്.

Latest Videos

undefined

കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രാലയങ്ങളുടെ  അഭ്യര്‍ത്ഥന പ്രകാരമാണ് യുപി സര്‍ക്കാര്‍ പ്രദര്‍ശനത്തിന് സ്ഥലം അനുവദിച്ചത്. നിരവധി സ്വാതന്ത്ര്യ  പോരാളികളെ ആദരിച്ചുകൊണ്ട് പുരാതന ആയുധങ്ങളുടേതടക്കമുള്ള ശേഖരവും പ്രദർശനത്തിൽ ഉണ്ടാകും. ഇതിൽ ഏറെ പ്രത്യേകതകളുള്ളതാണ് ചന്ദ്രശേഖർ ആസാദ് സ്നേഹപൂർവ്വം "ബാംതുൽ ബുഖാറ" എന്ന് വിളിച്ച പ്രസിദ്ധമായ പിസ്റ്റൾ. 

ഇത്  പ്രദര്‍ശനത്തിൽ വലിയ ആകര്‍ഷണമായിരിക്കും. വെടിയേറ്റ് കിടക്കുമ്പോഴും ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാൻ ആസാദിനെ സഹായിച്ചത് ഈ പിസ്റ്റലായിരുന്നു.  രൂപകൽപ്പനയ്ക്ക് പേരുകേട്ടതാണ് ആസാദിന്റെ പിസ്റ്റൾ. വെടിയുതിര്‍ത്താൽ പുകയുണ്ടാകില്ല എന്നതിനാൽ വെടിയുണ്ടകളുടെ ഉത്ഭവം കണ്ടെത്താനാകില്ല എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കോൾട്ടിന്റെ 32 ബോർ ഹാമർലെസ് സെമി-ഓട്ടോമാറ്റിക് മോഡൽ എട്ട് ബുള്ളറ്റ് പിസ്റ്റലാണിത്. പ്രയാഗ് രാജിൽ പ്രത്യേകമായി ഒരുക്കുന്ന പ്രദര്‍ശനം കുംഭമേളയ്ക്ക് വ്യത്യസ്ത കാഴ്ചയാകുമെന്നാണ് യുപി സര്‍ക്കാറിന്റെ പ്രതീക്ഷ.

നവരാത്രി 2024: യുപിയിൽ വിപുലമായ ആഘോഷങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!