31 എംക്യു-9ബി 'ഹണ്ടർ കില്ലർ' ഡ്രോണുകൾ, ആണവ അന്ത‍ർവാഹിനികൾ; നിർണായക നീക്കവുമായി കേന്ദ്ര സ‍ർക്കാർ

By Web Team  |  First Published Oct 10, 2024, 11:18 AM IST

ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾക്ക് MQ-9B സായുധ ഡ്രോണുകൾ ലഭ്യമാകും. 


ദില്ലി: രണ്ട് സുപ്രധാന പ്രതിരോധ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്ന് 31 MQ-9B സായുധ ഡ്രോണുകൾ വാങ്ങുന്നതിനും രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിനുമാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. മൂന്ന് സേനകൾക്കും MQ-9B സായുധ ഡ്രോണുകൾ നൽകും. ഉത്തർപ്രദേശിലെ രണ്ട് സൈനിക താവളങ്ങളിലേയ്ക്കായി കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും ദക്ഷിണേന്ത്യയിൽ നാവികസേനയ്ക്ക് 15 എണ്ണവുമാണ് ലഭിക്കുക. 2-3 വർഷത്തിനുള്ളിൽ MQ-9B ഡ്രോണുകൾ എത്തിത്തുടങ്ങും.

MQ-9 റീപ്പറിൻ്റെ ആധുനിക വകഭേദമാണ് MQ-9B ഡ്രോണുകൾ. ഇന്ത്യയുടെ നിരീക്ഷണവും ആക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ MQ-9B ഡ്രോണുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഡ്രോണിൻ്റെ സീ ഗാർഡിയൻ, സ്കൈ ഗാർഡിയൻ വേരിയൻ്റുകൾ കരാറിലുണ്ടെന്നാണ് സൂചന. ഇവയ്ക്ക് ഏകദേശം 5,670 കിലോഗ്രാം ഭാരം വഹിക്കാനും മണിക്കൂറിൽ 275 മൈൽ (ഏകദേശം 440 കി.മീ) വരെ വേഗതയിൽ പറക്കാനും കഴിയും. 40,000 അടി ഉയരത്തിൽ വരെ പറക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും. മാത്രമല്ല, 40 മണിക്കൂറാണ് ഈ ഡ്രോണുകൾ തുട‍ർച്ചയായി പ്രവ‍ർത്തിപ്പിക്കാൻ സാധിക്കുക. MQ-9B ഡ്രോണുകളിൽ നാല് ഹെൽഫയർ മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളും വരെ സജ്ജീകരിക്കാനാകും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഈ ഡ്രോണുകൾ സ്വന്തമാക്കാൻ 3.1 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. 

Latest Videos

undefined

കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചതോടെ ഇനി ഡ്രോണുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക ചർച്ചകളിലേയ്ക്ക് ഇരുരാജ്യങ്ങളും കടക്കും. നിർമ്മാതാക്കൾ തന്നെ ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾക്കും സൗകര്യമൊരുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ട് അന്തർവാഹിനികൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കും. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിക്ക് വളരെയധികം സവിശേഷതകളുണ്ട്. ഇവയ്ക്ക് വെള്ളത്തിനടിയിൽ വളരെക്കാലം നിലനിൽക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല അവയെ കണ്ടെത്തുക എന്നത് കൂടുതൽ ബുദ്ധിമുട്ടുമാണ്. 

READ MORE: ഭീകരാക്രമണത്തിൽ താജ് കത്തിയെരിഞ്ഞു; സ്വന്തം കാര്യം നോക്കാതെ ഹോട്ടലിന് മുന്നിൽ നിന്ന രത്തൻ ടാറ്റ!

click me!