പത്ത് രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങി അത് ഉപയോഗിച്ചായിരുന്നു കള്ള നോട്ടുകളുടെ അച്ചടി.
ലക്നൗ: 30,000 രൂപയുടെ കള്ളനോട്ടുകളുകൾ അച്ചടിച്ച സംഘം ഉത്തർപ്രദേശിൽ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് സാധാരണ മുദ്രപത്രത്തിൽ ഇവർ അച്ചടിച്ച് പുറത്തിറക്കിയത്. സോൻഭദ്ര ജില്ലയിൽ നിന്നാണ് വെള്ളിയാഴ്ച ഇവരെ പൊലീസ് കണ്ടെത്തി പിടികൂടിയത്. മിർസാപൂരിൽ നിന്ന് പത്ത് രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങിയായിരുന്നു നോട്ട് നിർമാണം എന്ന് ഇവർ പറഞ്ഞു.
സതീഷ് മിശ്ര, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്. യുട്യൂബിലെ വീഡിയോകൾ കണ്ടാണ് കള്ളനോട്ട് നിർമിക്കാൻ പഠിച്ചതെന്ന് ഇവർ പറയുന്നു. അച്ചടിച്ച നോട്ടുകൾക്കൊക്കെ ഒരേ സീരിയൽ നമ്പറായിരുന്നു. അച്ചടിച്ച 10,000 രൂപയുടെ നോട്ടുകളുമായി സോൻഭദ്രയിലെ രാംഗർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേരും പിടിയിലായത്. പിടിക്കപ്പെടുമ്പോൾ 500 രൂപയുടെ 20 കള്ളനോട്ടുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
undefined
നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാർക്ക് തിരിച്ചറിയാൻ പ്രയാസമുള്ള തരത്തിലുള്ള നോട്ടുകളാണ് ഇവർ അച്ചടിച്ചതെന്ന് എ.എസ്.പി കലു സിങ് പറഞ്ഞു. നേരത്തെ മിനറൽ വാട്ടർ കമ്പനിയുടെ പരസ്യങ്ങൾ പ്രിന്റ് ചെയ്യുന്ന ജോലി ചെയ്തിരുന്നവരാണ് ഇവർ. അവിടെ നിന്നാണ് പ്രിന്റിങ് പരിചയം. അത് കൈമുതലാക്കി യുട്യൂബിൽ വീഡിയോകൾ കണ്ട് കള്ളനോട്ടടിക്കാൻ പഠിക്കുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ മനസിലായത്. വ്യാജ നോട്ടുകൾക്ക് പുറമെ ഒരു മാരുതി ആൾട്ടോ കാറും നോട്ടുകൾ അച്ചടിക്കുന്നതിന് ഉപയോഗിച്ച ലാപ്‍ടോപ്പ്, പ്രിന്റർ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളും 27 മുദ്ര പത്രങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം