'ഇന്ത്യാ മുന്നണി'ക്ക് അപകട മുന്നറിയിപ്പ്; 2019ല്‍ ബിജെപി മഹാവിജയം നേടിയത് 105 ഇടത്ത്, കോണ്‍ഗ്രസ് ശുഷ്കം!

By Web TeamFirst Published Jan 14, 2024, 12:21 PM IST
Highlights

കണക്കുകളിലെ വലിയ അമ്പരപ്പ് ഇനിയുമുണ്ട്. 2019ല്‍ 44 സീറ്റുകളിലാണ് ബിജെപി നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. 

ദില്ലി: അഞ്ച് വര്‍ഷത്തിന്‍റെ ഇടവേള രാജ്യത്തിന്‍റെ രാഷ്ട്രീയ മണ്ണില്‍ എന്ത് മാറ്റമുണ്ടാക്കി... 2019ല്‍ നിന്ന് 2024ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം എത്തുമ്പോള്‍ മുന്നണി സമവാക്യത്തിലില്ലെങ്കിലും രൂപത്തില്‍ മാറ്റം പ്രകടമാണ്. ഹാട്രിക് തുടര്‍ഭരണം സ്വപ്നം കാണുന്ന എന്‍ഡിഎയെ താഴെയിറക്കാന്‍ മോഹിച്ച് മറുചേരിയില്‍ 'ഇന്ത്യാ മുന്നണി' ലോക്സഭ തെരഞ്ഞെടുപ്പിന് കച്ചമുറുക്കുന്നു. പ്രതിപക്ഷ കക്ഷികളുടെ പുതിയ പരീക്ഷണം എന്‍ഡിഎയിലെ ബിജെപി എന്ന ഒറ്റയാനെ താഴെയിറക്കാന്‍ പാകത്തില്‍ കരുത്തുറ്റതാണോ? നൂറിലേറെ ലോക്സഭ മണ്ഡലങ്ങളില്‍ ബിജെപിയെ വലിച്ചിടാന്‍ ഇന്ത്യാ മുന്നണിക്ക് അനായാസം കഴിയില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 

പ്രധാനമന്ത്രി കസേരയില്‍ 2014ല്‍ ആരംഭിച്ച നരേന്ദ്ര മോദിയുടെ ജൈത്രയാത്ര 2024ന്‍റെ പാതി പിന്നിട്ട് കടക്കുമോ? മൂന്നാം തുടര്‍ഭരണം രാജ്യത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്വപ്നം കാണുമ്പോള്‍ അവര്‍ക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്നത് 2019ലെ മുന്‍ കണക്കുകളാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാവട്ടെ ഇതൊരു വലിയ തലവേദനയായി മാറുകയും ചെയ്യും. 

Latest Videos

105 ഇടത്ത് 3 ലക്ഷത്തിലധികം ഭൂരിപക്ഷം

2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം ഭൂരിപക്ഷം തൊട്ട ആകെ 236 സ്ഥാനാര്‍ഥികളില്‍ 164 പേരും എന്‍ഡിഎയിലെ ബിജെപിയില്‍ നിന്നായിരുന്നു. ആകെ 131 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയപ്പോള്‍ ഇതില്‍ 105 മണ്ഡലങ്ങളിലും ബിജെപിയായിരുന്നു വെന്നിക്കൊടി പാറിച്ചത്. 2014ല്‍ 42 സീറ്റുകളില്‍ മൂന്ന് ലക്ഷത്തിന്‍റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് 2019ല്‍ ബിജെപിയുടെ സംഖ്യ 105ലേക്ക് കുതിച്ചെത്തിയത്. 2014ലേക്കാള്‍ 63 സീറ്റുകളില്‍ ബിജെപിക്ക് കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിക്കാനായി. അതേസമയം പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും അഞ്ച് സീറ്റില്‍ മാത്രമേ ഭൂരിപക്ഷത്തില്‍ മൂന്ന് ലക്ഷം എന്ന മാര്‍ജിന്‍ കടക്കാനായുള്ളൂ. 

കണക്കുകളിലെ വലിയ അമ്പരപ്പ് ഇനിയുമുണ്ട്. 2019ല്‍ 44 സീറ്റുകളിലാണ് ബിജെപി നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഇതില്‍ 15 സീറ്റുകളില്‍ അഞ്ച് ലക്ഷത്തിലേറെ എന്ന ഹിമാലയന്‍ ഭൂരിപക്ഷവും അവര്‍ക്ക് കിട്ടി. ഈ സീറ്റുകളിലെ ഫലം തകിടംമറിക്കുക വരും തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മുന്നണിക്ക് ഒട്ടും എളുപ്പമാവില്ലെന്നുറപ്പ്. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമാക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് കഠിനമായി തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യേണ്ടിവരും എന്ന് വ്യക്തം. 2019ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയ 105 മണ്ഡലങ്ങള്‍ ബിജെപിക്ക് പ്രതീക്ഷയുടെ കോട്ടയായി തുടരും. 

Read more: ആലപ്പുഴയില്‍ നിന്ന് കനല്‍ ഒരു തരിയായ എ എം ആരിഫ്; എന്നിട്ടും 2019ലെ കുറഞ്ഞ ഭൂരിപക്ഷം പേരിലായി!

click me!