ഹിന്ദുക്കൾക്കെതിരായ അനീതികളും ആക്രമണങ്ങളും ബം​ഗ്ലാദേശ് അവസാനിപ്പിക്കണം: ദില്ലി ജുമാ മസ്ജിദ് ഷാഹി ഇമാം 

By Web Team  |  First Published Dec 3, 2024, 9:56 PM IST

ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ ഒരു തരത്തിലുള്ള അനീതിയും ഉണ്ടാകാൻ പാടില്ലെന്ന്  അഹമ്മദ് ബുഖാരി വ്യക്തമാക്കി. 


ദില്ലി: ഹിന്ദുക്കൾക്കെതിരായ അനീതികളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ദില്ലി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ഏത് അനീതിയും തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ ഒരു തരത്തിലുള്ള അനീതിയും ഉണ്ടാകാൻ പാടില്ലെന്നും മുഹമ്മദ് യൂനുസിൻ്റെ പ്രശസ്തി കളങ്കപ്പെടാതെ നിലനിൽക്കാൻ അത് ആവശ്യമാണെന്നും അഹമ്മദ് ബുഖാരി വ്യക്തമാക്കി. 

ബം​ഗ്ലാദേശ് രൂപീകരിക്കപ്പെട്ട കാലം മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അഹമ്മദ് ബുഖാരി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹവും ദേശീയ നേതൃത്വവും മാധ്യമങ്ങളും ഉൾപ്പെടെ ഷെയ്ഖ് മുജീബുർ റഹ്മാനുമായും അദ്ദേഹത്തിൻ്റെ മകൾ ഷെയ്ഖ് ഹസീന വാജിദുമായും അവരുടെ പാർട്ടിയായ അവാമി ലീഗുമായും അടുത്ത ബന്ധമാണ് പുലർത്തുന്നത്. നയതന്ത്രം, അന്താരാഷ്ട്ര വിഷയങ്ങൾ, മുസ്ലീം സമൂഹം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബംഗ്ലാദേശ് എപ്പോഴും ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായി നിൽക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

undefined

ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അനീതികളും ആക്രമണങ്ങളും ഏകപക്ഷീയമായ നടപടികളും അപലപനീയമാണെന്ന് അഹമ്മദ് ബുഖാരി പറഞ്ഞു. എല്ലാ പ്രകൃതി ദുരന്തങ്ങളുടെയും സമയത്ത് ആദ്യം ബംഗ്ലാദേശിനൊപ്പം നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം ബംഗ്ലാദേശിന്റെ രൂപീകരണത്തിലും വികസനത്തിലും ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ കാര്യത്തിലും ഇന്ത്യ വഹിച്ച പങ്ക് അധികാരികൾ അംഗീകരിച്ചേ മതിയാകൂവെന്നും ഓർമ്മപ്പിച്ചു.  

READ MORE:  മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ

click me!