അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഇഡിക്ക് മുന്‍പില്‍ ഹാജരായി

By Web Team  |  First Published Oct 30, 2023, 12:59 PM IST

മകനെതിരായ ആരോപണങ്ങൾ അശോക് ഗെലോട്ട് തള്ളിക്കളഞ്ഞു. വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ല.ഒരു ടാക്സി കമ്പനി മാത്രമേയുള്ളൂവെന്ന് ഗെലോട്ട്


ദില്ലി: വിദേശനാണ്യ വിനിമയ ചട്ടം ലംഘന കേസില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ 11.30ഓടെയാണ് വൈഭവ് ഗെലോട്ട് ഇഡിയുടെ ദില്ലിയിലെ ആസ്ഥാനത്ത് എത്തിയത്.

ഇഡിയുടെ ജയ്പൂരിലെയോ ദില്ലിയിലെയോ ഓഫീസില്‍ ഹാജരാവാനാണ് വൈഭവിന് ലഭിച്ച നിര്‍‌ദേശം. രാജസ്ഥാൻ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലും  വർധ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിലും ഉടമകളായ ശിവ് ശങ്കര്‍ ശര്‍മയുടെയും രത്തന്‍ കാന്ത് ശര്‍മയുടെയും വീടുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു സമന്‍സ്. 

Latest Videos

കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ 1.2 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ട്രൈറ്റൺ ഗ്രൂപ്പിന് 2007-2008 കാലഘട്ടത്തിൽ മൗറീഷ്യസിൽ നിന്ന് നിക്ഷേപം ലഭിച്ചെന്നാണ് ആരോപണം. രത്തൻ കാന്ത് ശർമയുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് വൈഭവിനെ ചോദ്യംചെയ്യുന്നത്.

തന്റെ മകനെതിരായ ആരോപണങ്ങൾ അശോക് ഗെലോട്ട് നേരത്തെ തള്ളിക്കളഞ്ഞു. വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈഭവിന് ഒരു ടാക്സി കമ്പനി മാത്രമേയുള്ളൂ. രത്തൻ ശര്‍മ നേരത്തെ പങ്കാളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെവ്വേറെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അശോക് ഗെലോട്ട് പറഞ്ഞു. 

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതിനാല്‍ വിശ്വാസ്യത നഷ്ടമായെന്ന് ഗെലോട്ട് വിമര്‍ശിച്ചു- "കേന്ദ്ര ഏജൻസികൾക്ക് ഇപ്പോൾ വിശ്വാസ്യതയില്ല. ഇത് ആശങ്കാജനകമായ സാഹചര്യമാണ്. ഇത് എന്റെ മകന്റെയോ സംസ്ഥാനത്തെ കോൺഗ്രസ് പ്രസിഡന്റിന്റെയോ കാര്യമല്ല. അവര്‍ രാജ്യത്ത് ഭീകരത പടര്‍ത്തി".

ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി, മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

തെരുവ് നായകളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസ്രയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടി കടുപ്പിക്കുകയാണ് അന്വേഷണ ഏജൻസികള്‍. പശ്ചിമ ബംഗാളില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ റേഷന്‍ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തു. തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ജ്യോതിപ്രിയ മല്ലിക്ക് പ്രതികരിച്ചു.

ഇഡി നടപടികള്‍ക്കെതിരെ ജയ്പൂരിലെ ഇഡി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗിക്കുന്നതിനെതിരെ എഎപി ദില്ലിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവ‍ർത്തിക്കുന്നതെന്നുമാണ് ബിജെപിയുടെ മറുപടി. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!