അധ്യാപികമാരുടെ അനധികൃത ദീർഘകാല അവധിയും സ്കൂൾ ഉച്ചഭക്ഷണ സാമഗ്രികൾ നശിച്ചുപോയതുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ലക്നൗ: ആകെയുള്ള മൂന്ന് അധ്യാപികമാരുടെ തമ്മിലടി കാരണം മൂവരും ദീർഘകാല അവധിക്ക് അപേക്ഷിച്ച് വീട്ടിൽ പോയതിനെ തുടർന്ന് ദീർഘകാലമായി ഒരു പ്രൈമറി സ്കൂൾ അടച്ചിട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് അധികൃതർ. ഉന്നാവിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് വെറും എട്ട് കിലോമീറ്റർ മാത്രം അകലെ തികർഗർഹി ഗ്രാമത്തിലെ സ്കൂളിലാണ് അക്കാദമികവും അല്ലാതെയുള്ള ഒരു പ്രവർത്തനവും മാസങ്ങളായി നടക്കാത്തത്. ഒരു ഹെഡ്മിസ്ട്രസ് ഉൾപ്പെടെ മൂന്ന് അധ്യാപികമാരാണ് ഇവിടെ നിയമിതരായിരുന്നത്.
സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ അംഗം ശ്യാംപതി ത്രിപാഠി നൽകിയ പരാതി പ്രകാരമാണ് ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത്. അവിടെ കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പൂട്ടിയിട്ടിരുന്ന സ്കൂളിന്റെ വാതിൽ തകർത്താണ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. മാസങ്ങളോളം വിതരണം ചെയ്യേണ്ട ഉച്ചഭക്ഷണ സാമഗ്രികൾ തൊട്ടുപോലും നോക്കാതെ കെട്ടിക്കിടന്ന് കേടായിക്കഴിഞ്ഞു. നിയമപ്രകാരം എല്ലാ ബുധനാഴ്ചയും ചേരേണ്ട സ്കൂൾ എജ്യുക്കേഷൻ കമ്മിറ്റി നാല് മാസത്തിലധികമായി ചേർന്നിട്ടില്ല. ഇതിന് പുറമെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അധ്യാപകർ 400 ദിവസത്തിലധികം മെഡിക്കൽ, ചൈൽഡ് കെയർ ലീവിന് അപേക്ഷിച്ചിരിക്കുന്നു.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷന്റെ അന്വേഷണത്തിന് പിന്നാലെ മൂന്ന് അധ്യാപകരെയും സസ്പെന്റ് ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അൽക സിങ്, മഞ്ജു യാദവ്, അമിത ശുക്ല എന്നീ അധ്യാപകരാണ് സ്കൂളിലുണ്ടായിരുന്നത്. സർവീസ് കാലയളവിൽ ആകെ രണ്ട് വർഷമാണ് മെഡിക്കൽ ലീവ് അനുവദിക്കുന്നത്. അതും ഒരുതവണ പരമാവധി ആറ് മാസം വീതം. പിന്നാലെ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറെ എല്ലാ വശവും വിശദമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് സ്ഥലംമാറ്റാനും ശമ്പളം പിടിച്ചുവെയ്ക്കാനം നിർദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം