ദില്ലിയിൽ നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് രാവിലെ എട്ടിന് ശ്രീനഗറിൽ എത്തുന്ന തരത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക.
ദില്ലി: രാജ്യത്തെ ട്രെയിൻ യാത്രയില്‍ വിപ്ലവകരമാകുന്ന കുതിപ്പ് ലക്ഷ്യമിട്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ തയാര്‍. സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദില്ലി - ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സര്‍വീസ് നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെയർ കാർ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെയാണ് 16 സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസിന് ഇന്ത്യൻ റെയിൽവേ തുടക്കമിടുന്നത്.
ദില്ലിയിൽ നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് രാവിലെ എട്ടിന് ശ്രീനഗറിൽ എത്തുന്ന തരത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ സജ്ജമാക്കിയിട്ടുള്ളത്. എസി ത്രീ ടയർ , ടൂ ടയർ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാനാകും. ലഖ്നൗവിലെ ആർഡിഎസ്ഒയിലെ പരിശോധനകൾക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികൾക്കായി ട്രെയിനുകൾ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയിൽവേ അധികൃതര്‍ പറഞ്ഞു.
പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. എന്നാല്‍. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ അനുവദനീയമായ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടും. പ്രീമിയം രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഉയർന്ന ശരാശരി വേഗതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് പ്രതീക്ഷിക്കുന്നത്. 16 പാസഞ്ചർ കോച്ചുകളാണ് ഒരു ട്രെയിനില്‍ ഉണ്ടാവുക. 11 എസി 3 ടയർ കോച്ചുകൾ, 4 എസി 2 ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുകൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. കൂടാതെ, എയർക്രാഫ്റ്റ് മാതൃകയിലുള്ള മോഡുലാർ ബയോ-വാക്വം ടോയ്‌ലറ്റുകൾ സജ്ജീകരിച്ചിട്ടുമുണ്ട്.
undefined