2.5 ലക്ഷം രൂപ തിരികെ കൊടുക്കാത്തതിന് സ്ത്രീകളടങ്ങിയ സംഘം വീട്ടിൽ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി

By Web Team  |  First Published Nov 19, 2024, 2:20 PM IST

ഭവന വായ്പ എടുത്തു കൊടുക്കാനായാണ് രണ്ടര ലക്ഷം രൂപ യുവാവ് വാങ്ങിയത്. എന്നാൽ വായ്പ നിരസിക്കപ്പെട്ടിട്ടും പണം തിരികെ കൊടുത്തില്ല.


മുംബൈ: ലോൺ എടുക്കുന്നതിന്റെ ആവശ്യത്തിന് വാങ്ങിയ രണ്ടര ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി. മുംബൈയിലാണ് സംഭവം. സുഹൃത്തിന്റെ അമ്മ ഉൾപ്പെടെ രണ്ട് സ്ത്രീകൾ അടങ്ങുന്ന ആറംഗ സംഘത്തിനെതിരെ 27 വയസുകാരനാണ് പരാതി നൽകിയത്.

സ്വകാര്യ കമ്പനിയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന വിനയ് ചൗരസ്യ എന്നയാളാണ് പരാതിക്കാരൻ. ഇയാളുടെ സുഹൃത്തായ ലക്ഷ്മി താക്കൂറിന്റെ അമ്മ പൂനം താക്കൂർ, സഹോദരി സീമ ജാ എന്നിവരടങ്ങിയ സംഘത്തിനെതിരെയാണ് പരാതി. സുഹൃത്തിന്റെ അമ്മയ്ക്ക് ഭവന വായ്പ ആവശ്യമായിരുന്നു. ഇത് എടുത്തു കൊടുക്കാനായി അവർ വിനയെ സമീപിച്ചു. ഇയാൾ രണ്ടര ലക്ഷം രൂപ ഈ ആവശ്യത്തിനായി വാങ്ങി. എന്നാൽ ബാങ്കിൽ നൽകിയ വായ്പാ അപേക്ഷ പിന്നീട് നിരസിക്കപ്പെട്ടു. ഇതോടെ രണ്ടര ലക്ഷം രൂപ വിനയിൽ നിന്ന് തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകാൻ കുറച്ച് സമയം വേണമെന്ന് വിനയ് അവരെ അറിയിക്കുകയായിരുന്നു.

Latest Videos

undefined

ഒക്ടോബർ 24നാണ് ബാങ്ക് വായ്പാ അപേക്ഷ നിരസിച്ചത്. മൂന്നാഴ്ച കഴിഞ്ഞും പണം കിട്ടാതെ വന്നപ്പോൾ ഞായറാഴ്ച രണ്ട് സ്തീകളടങ്ങുന്ന സംഘം പുലർച്ചെ 4.17ന് വിനയുടെ വീട്ടിലെത്തി. വീടിന് പുറത്തു നിന്ന് അസഭ്യം പറയുന്നത് കേട്ട് വിയന് ബാത്ത്റൂമിൽ ഒളിച്ചു. എന്നാൽ വിനയുടെ അമ്മ വീടിന്റെ വാതിൽ തുറന്നതും ആറംഗ സംഘം വീട്ടിലേക്ക് ഇരച്ചുകയറി സാധനങ്ങൾ തകർത്ത് നാശനഷ്ടങ്ങളുണ്ടാക്കി. ബാത്ത്റൂം തുറന്ന് വിനയെ പിടിച്ച് പുറത്തിറക്കി. തുടർന്ന് നിർബന്ധിച്ച് ഒരു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി.

പിന്നീട് ഒരു ഓട്ടോറിക്ഷയിൽ കയറ്റി താനെയിലുള്ള ദിവ്യ പാലസ് ഹോട്ടലിൽ എത്തിച്ച് അവിടെ പൂട്ടിയിട്ടു. തുടർന്ന് വിനയോട് അമ്മയെ വിളിച്ച് പണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയെ വിളിച്ചപ്പോൾ തങ്ങൾ പൊലീസിൽ വിവരമറിയിക്കാൻ പോവുകയാണെന്നാണ് അവർ മറുപടി നൽകിയത്. ഇതോടെ സംഘത്തിലെ മറ്റ് നാല് പേരും രക്ഷപ്പെട്ടു. രണ്ട് സ്ത്രീകൾ യുവാവിനെ ഒരു ഓട്ടോയിൽ കയറ്റി വൈകുന്നേരം ആറ് മണിയോടെ സാംത നഗർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിനും ഉപപദ്രവമേൽപ്പിക്കലിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!