അഞ്ച് ഡോക്ടർമാരിൽ മൂന്ന് പേർക്കെതിരെ വ്യാജ ചികിത്സ്യ്ക്ക് കേസുണ്ട്. രണ്ട് പേരുടെ ബിരുദം വ്യാജമാണെന്നും കണ്ടെത്തി. അവശേഷിക്കുന്ന രണ്ട് പേരുടെ കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
സൂററ്റ്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പുതിയ ആശുപത്രിയിലെ ഡോക്ടമാരിൽ അധികവും വ്യാജന്മാരെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആദ്യ ദിവസം തന്നെ പൂട്ടിച്ച് അധികൃതർ. ഉദ്ഘാടന ചടങ്ങിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുമെന്ന് ഇവർ തയ്യാറാക്കിയ നോട്ടീസിലുണ്ടായിരുന്നെങ്കിലും ഉദ്യാഗസ്ഥരെ ആരെയും ക്ഷണിച്ചിരുന്നില്ല. ആളുകളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് അതിവേഗം നടപടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു.
സൂററ്റിലെ പന്ദേസാര ഏരിയയിൽ പ്രവർത്തനം തുടങ്ങിയ ജൻസേവന മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥാപകരായ അഞ്ച് ഡോക്ടർമാരിൽ രണ്ട് പേരുടെയും ബിരുദങ്ങൾ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ബിരുദങ്ങളുടെ കാര്യത്തിലും സംശയങ്ങളുണ്ട്. ഇവരുടെ കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഞായറാഴ്ചയായിരുന്നു ഉദ്ഘാടനം.
നോട്ടീസ് പ്രകാരം ഇവിടുത്തെ പ്രധാന ഡോക്ടരായ ബി.ആർ ശുക്ല എന്നയാൾക്ക് ആയുർവേദ മെഡിസിനിൽ ബിരുദമുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും ഇയാൾക്കെതിരെ ഗുജറാത്ത് മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് പ്രകാരം വ്യാജ ചികിത്സയ്ക്ക് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹസ്ഥാപകനായ ആർ.കെ ദുബൈ എന്നയാൾക്ക് ഇലക്ട്രോ-ഹോമിയോപ്പതി എന്ന ബിരുദമുണ്ടെന്നാണ് അവകാശവാദമെങ്കിലും ഇയാൾക്കെതിരെയും വ്യാജ ചികിത്സയ്ക്ക് കേസുണ്ട്. ഈ രണ്ട് പേരും വ്യാജന്മാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റൊരു ഡോക്ടറായ ജി.പി മിശ്ര എന്നയാളുടെ പേരിൽ വ്യാജ ചികിത്സയ്ക്ക് മൂന്ന് കേസുകളാണുള്ളത്. ഇയാളുടെ ബിരുദം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റ് രണ്ട് പേരുടെ കാര്യത്തിൽ കൂടി പരിശോധന നടക്കുകയാണെന്ന് പൊലീസ് പറയുന്നു.സൂററ്റ് മിനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ, പൊലീസ് കമ്മീഷണർ അനുപം സിങ്, ജോയിന്റ് പൊലീസ് കമ്മീഷണർ രാഘവേന്ദ്ര തുടങ്ങിയവരുടെ പേരുകളാണ് ഉദ്ഘാടന നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ ഇവരെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ആരും ഉദ്ഘാടനത്തിന് എത്തിയതുമില്ല. ആശുപത്രി പരിസരം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേരുടെ ബിരുദങ്ങൾ കൂടി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം