ജാതി സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുകയും ഗ്രാമങ്ങളെ ഭിന്നിപ്പിക്കുകയുമാണ്. അതുകൊണ്ട് തന്നെ ഈ 24 ഗ്രാമങ്ങളിലുള്ളവര്‍ പേരിന് പിന്നില്‍ ജാതിപ്പേര് ചേര്‍ക്കില്ലെന്ന് തീരുമാനിച്ചു.
ദില്ലി: പേരിന് പിറകില്‍ ജാതിപ്പേര് ഒഴിവാക്കാനൊരുങ്ങി ഹരിയാനയിലെ 24 ഗ്രാമങ്ങള്‍. ജിന്ദ് ജില്ലയിലെ ഖേര ഖാപ് പഞ്ചായത്തിലെ ഗ്രാമങ്ങളാണ് പേരിന് പിന്നിലെ ജാതിപ്പേര് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഖേര ഖാപ് പഞ്ചായത്തിലെ ഉചാന പട്ടണത്തിലെ നഗുര, ബദോദ, ബധാന, കര്‍സിന്ധു, ബര്‍സോല, മോഹന്‍ഗഢ് ഗ്രാമങ്ങളാണ് ജാതിപ്പേര് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കുറച്ച് കാലങ്ങളായി ജാതി സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുകയും ഗ്രാമങ്ങളെ ഭിന്നിപ്പിക്കുകയുമാണ്. അതുകൊണ്ട് തന്നെ ഈ 24 ഗ്രാമങ്ങളിലുള്ളവര്‍ പേരിന് പിന്നില്‍ ജാതിപ്പേര് ചേര്‍ക്കില്ലെന്ന് തീരുമാനിച്ചു -ഖേര ഖാപ് പഞ്ചായത്ത് തലവന്‍ സത്ബീര്‍ പഹല്‍വാന്‍ പറഞ്ഞു. ജാതിക്ക് പകരം ഗ്രാമത്തിന്‍റെ പേര് ആളുകള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാളുടെ ജാതിപ്പേര് വെളിപ്പെടുന്നതിലൂടെ സമൂഹം അയാളെ മുന്‍വിധിയോടെ കാണുകയാണ്. മരണാനന്തരമായി ഭക്ഷണം വിളമ്പുന്ന ചടങ്ങ് നേരത്തെ ഒഴിവാക്കിയിരുന്നു. മുത്തശ്ശിമാരുടെ ഗോത്ര പേര് ചേര്‍ക്കുന്നതിനാല്‍ ചെറുപ്പക്കാരുടെ വിവാഹം മുടങ്ങുന്നതിനാല്‍ അതും ഒഴിവാക്കിയിരുന്നു. മരിച്ചതിന് ശേഷമുള്ള ദു:ഖാചരണം 13 ദിവസത്തില്‍നിന്ന് ഏഴാക്കി ചുരുക്കിയെന്നും വിവാഹ പാര്‍ട്ടികളില്‍ ഡി ജെ(ഡിസ്ക് ജോക്കി) ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ തന്‍റെ പേരിന് പിറകില്‍ ഖട്ടര്‍ എന്നുപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.