ദീപക് കുമാർ ശർമ്മ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ചു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്.
മുംബൈ: കൈക്കൂലി കേസിൽ മൂന്ന് സിജിഎസ്ടി സൂപ്രണ്ടുമാരെയും രണ്ട് ഐആർഎസ് ഓഫീസർമാരെയും അറസ്റ്റ് ചെയ്തു. മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്. ഐആർഎസ് ഓഫിസർമാരായ ദീപക് കുമാർ ശർമ, രാഹുൽകുമാർ, മൂന്ന് സിജിഎസ്ടി ഉദ്യോഗസ്ഥർ എന്നിവരാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥർ വ്യവസായിയെ 18 മണിക്കൂർ തടങ്കലിൽ വെച്ച് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അതേസമയം, നടപടിക്രമങ്ങളിലെ പാളിച്ച കാരണം അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് രാഹുൽ കുമാറിനെ ജാമ്യത്തിൽ വിട്ടു.
കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ സിഎയെയും കൺസൾട്ടൻ്റിനെയും സൂപ്രണ്ടിനെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ കുമാർ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരിലും സിബിഐ പരിശോധന നടത്തി. ദീപക് കുമാർ ശർമ്മ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ചു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്.
പരാതി പ്രകാരം, സിജിഎസ്ടി സൂപ്രണ്ട് സച്ചിൻ ഗോകുൽക്കയും ജിഎസ്ടി സൂപ്രണ്ടുമാരായ നിതിൻ കുമാർ ഗുപ്ത, നിഖിൽ അഗർവാൾ, ബിജേന്ദർ ജനാവ എന്നിവരും ചേർന്ന് സെപ്തംബർ 4 ന് വ്യവസായിയെ 18 മണിക്കൂർ തടങ്കലിൽ വയ്ക്കുകയും 60 ലക്ഷം രൂപ അടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഫാർമ കമ്പനിയുടെ പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു ഭീഷണിപ്പെടുത്തൽ. തുടർന്ന് രാഹുൽ കുമാറിനെ ബിസിനസുകാരൻ്റെ ബന്ധു ബന്ധപ്പെടുകയും കൈക്കൂലിക്ക് പകരമായി വ്യവസായിയെ മോചിപ്പിക്കാൻ ദീപക് കുമാർ ശർമ്മയുമായി സംസാരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി ഇടപാടുകൾ കൈകാര്യം ചെയ്യാൻ ചാർട്ടേഡ് അക്കൗണ്ടൻ്റ് രാജ് അഗർവാളിനെ നിയോഗിച്ചു. തടങ്കലിൽ നിന്ന് മോചിതനായ ശേഷം ബിസിനസുകാരൻ സിബിഐയെ സമീപിക്കുകയായിരുന്നു. തുടർന്ന് സിബിഐ ഒരുക്കിയ കെണിയിലാണ് പ്രതികൾ വലയിലായത്.