കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.
ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.
കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടർന്നുപിടിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.
undefined
പരിക്കേറ്റവരെ ഒസ്‍മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ശിവപ്രിയ ഇവിടെ വെച്ചാണ് മരിച്ചത്. ശിവപ്രിയയുടെ കുടുംബാംഗങ്ങളുടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ ഗോവണിയും മറ്റ് അടിയന്തിര സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്. വിശദമായ അന്വേഷണം നടക്കുന്നതേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യബിൽ കാണാം