ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാൻ 'ഫൈവ് എസ്' അറിയൂ, പരിശീലിക്കൂ...

By Web TeamFirst Published Jan 29, 2024, 5:18 PM IST
Highlights

ഇംഗ്ലീഷ് അക്ഷരം 'എസ്' ല്‍ തുടങ്ങുന്ന അഞ്ച് കാര്യങ്ങളാണിത്. ഇവയില്‍ ജാഗ്രത പുലര്‍ത്താനായാല്‍ തന്നെ ഹൃദയാഘാതത്തെ ശക്തമായി നാം പ്രതിരോധിക്കുന്നു എന്ന് അര്‍ത്ഥമാക്കാം. ഇനി, എന്തെല്ലാമാണ് ആ അഞ്ച് 'എസ്' എന്നത് കൂടി അറിയാം.

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം എന്തുകൊണ്ട് വരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. പാരമ്പര്യം ഹൃദയാഘാതത്തിന്‍റെ കാര്യത്തില്‍ ചെറുതല്ലാത്ത ഘടകമാണ്. അതുപോലെ മോശം ജീവിതരീതികള്‍, മറഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാമാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇവയില്‍ ഏതുമാകാം രോഗിയെ ഹൃദയാഘാതത്തിലേക്ക് നയിച്ചത്. 

ഇങ്ങനെ പല കാരണങ്ങളാണ് എന്നതിനാല്‍ തന്നെ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിനും കൃത്യമായ മാര്‍ഗങ്ങളില്ല. പാരമ്പര്യം, ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളില്‍ നമുക്ക് പ്രത്യേകിച്ച് കൂടുതലൊന്നും ചെയ്യാനില്ല. എന്നാല്‍ ജീവിതരീതികള്‍ കൊണ്ട് സംഭവിക്കാവുന്ന ഹൃദയാഘാതത്തെ നമുക്ക് വലിയൊരു അളവ് വരെ പ്രതിരോധിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന ചിലതാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

'ഫൈവ് എസ്' അഥവാ അഞ്ച് 'എസ്'. ഇതെക്കുറിച്ച് കേട്ടിട്ടുണ്ടോ? 

ഇംഗ്ലീഷ് അക്ഷരം 'എസ്' ല്‍ തുടങ്ങുന്ന അഞ്ച് കാര്യങ്ങളാണിത്. ഇവയില്‍ ജാഗ്രത പുലര്‍ത്താനായാല്‍ തന്നെ ഹൃദയാഘാതത്തെ ശക്തമായി നാം പ്രതിരോധിക്കുന്നു എന്ന് അര്‍ത്ഥമാക്കാം. ഇനി, എന്തെല്ലാമാണ് ആ അഞ്ച് 'എസ്' എന്നത് കൂടി അറിയാം.

ഒന്നാമത്തെ 'എസ്', സോള്‍ട്ട്- അഥവാ ഉപ്പ് ആണ്. ഉപ്പ് മിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക. അതുപോലെ ഉപ്പ്/ സോഡിയം കാര്യമായ അളവില്‍ അടങ്ങിയിരിക്കുന്ന പാക്കറ്റ് ഫുഡ്സ് പോലുള്ള പ്രോസസ്ഡ് ഫുഡ്സ് കഴിവതും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. അത് ബേക്കറി സാധനങ്ങള്‍ ആയാല്‍ പോലും. സോഡിയം കാര്യമായ അളവില്‍ ശരീരത്തില്‍ പതിവായി എത്തിയാല്‍ അത് ബിപിക്ക് (രക്തസമ്മര്‍ദ്ദം) കാരണമാകും. ബിപി, നമുക്കറിയാം ഹൃദയത്തിന് വെല്ലുവിളിയാണ്. 

രണ്ടാത്തെ 'എസ്' ഷുഗര്‍ ആണ്. അഥവാ മധുരം. പഞ്ചസാര മാത്രമല്ല ഷുഗര്‍ എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. മധുരമുള്ള എന്തും. പ്രത്യേകിച്ച് കൃത്രിമമധുരം (ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍) ചേര്‍ത്തത്. ഇങ്ങനെയുള്ള പലഹാരങ്ങള്‍, പാനീയങ്ങള്‍, സ്നാക്സ് എല്ലാം വളരെ മിതമാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. മധുരം അധികമായാല്‍ അത് വണ്ണം കൂട്ടും, പ്രമേഹം വരും- ഈ രണ്ട് അവസ്ഥയും ഹൃദ്രോഗത്തിന് കാര്യമായി സാധ്യത വര്‍ധിപ്പിക്കുന്നു. 

മൂന്നാമത്തെ 'എസ്' 'സിറ്റിംഗ്' അഥവാ വ്യായാമമില്ലായ്മയെ സൂചിപ്പിക്കുന്നു. ദീര്‍ഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ദീര്‍ഘനേരം ജോലിക്കായോ അല്ലാതെയോ ഇരിക്കുന്നത് നമ്മുടെ ദഹനവും അനുബന്ധപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാക്കുന്നു. ഇത് ക്രമേണ ഹൃദയത്തെ ബാധിക്കുകയാണ് ചെയ്യുന്നത്. ദിവസവും വ്യായാമം പതിവാക്കുക എന്നതാണ് ഇതില്‍ ചെയ്യാനുള്ള ഏക കാര്യം. 

നാലാമത്തെ 'എസ്' എന്നാല്‍ 'സ്ലീപ്' അഥവാ ഉറക്കം. ദിവസവും 7-8 മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം. ഏത് കാരണം കൊണ്ടും ഉറക്കം ബാധിക്കപ്പെട്ടാല്‍ അത് ഹൃദയത്തിന് ദോഷം ചെയ്യും. 

അഞ്ചാമത്തെ 'എസ്' 'സ്ട്രെസ്'നെ സൂചിപ്പിക്കുന്നതാണ്. ഹൃദയാരോഗ്യത്തിലേക്ക് വരുമ്പോള്‍ സ്ട്രെസിന് വലിയ പങ്കുണ്ട്. ഇന്ന് സ്ട്രെസ് നേരിടാത്തവര്‍ കുറവാണ്. പക്ഷേ പതിവായ സ്ട്രെസ് ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ക്രമേണ ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗം, ബിപി, കൊളസ്ട്രോള്‍, ഷുഗര്‍ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ ഹൃദയത്തിന് ഭീഷണിയാണ്. 

Also Read:- 'പിടഞ്ഞുപിടഞ്ഞ് മരിച്ചു'; നൈട്രജൻ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!