തണുപ്പുകാലത്ത് ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാറുണ്ടോ? ; നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗം....

By Web TeamFirst Published Dec 10, 2023, 10:59 AM IST
Highlights

തണുപ്പുകാലത്ത് പ്രയാസം കൂടുന്ന, ഇതിലൂടെ തിരിച്ചറിയാൻ കഴിയുന്നൊരു രോഗമാണ് സന്ധിവാതം. വാതം പല വിധത്തിലുമുള്ളതുണ്ട്. സന്ധിവാതം ഒരു ഭാഗം മാത്രം. 

തണുപ്പുകാലം പല രോഗങ്ങളെയും അവയുടെ തീവ്രതയെയും അനുബന്ധപ്രശ്നങ്ങളെയുമെല്ലാം കൂട്ടാറുണ്ട്. എന്നാല്‍ അതുപോലെ തന്നെ രോഗങ്ങള്‍ തിരിച്ചറിയാത്തവരെ സംബന്ധിച്ച് രോഗങ്ങള്‍ തിരിച്ചറിയാനുള്ളൊരു അവസരം കൂടിയാണ് തണുപ്പുകാലം. മറ്റൊന്നുമല്ല, പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ വ്യക്തമായി പ്രകടമാകുന്നത് മൂലം ധാരാളം പേര്‍ ആശുപത്രിയില്‍ പോകാനും പരിശോധനയ്ക്ക് വിധേയരാകാനും തയ്യാറാകുന്നു. 

ഇത്തരത്തില്‍ തണുപ്പുകാലത്ത് പ്രയാസം കൂടുന്ന, ഇതിലൂടെ തിരിച്ചറിയാൻ കഴിയുന്നൊരു രോഗമാണ് സന്ധിവാതം. വാതം പല വിധത്തിലുമുള്ളതുണ്ട്. സന്ധിവാതം ഒരു ഭാഗം മാത്രം. 

Latest Videos

എല്ലുകള്‍ കൂടിച്ചേരുന്നിടത്താണ് സന്ധിയുള്ളത്. ഇവിടെ നിരന്തരം വേദനയും പ്രയാസവുമുണ്ടാകുന്ന അവസ്ഥയാണ് സന്ധിവാതം എന്ന് ലളിതമായി പറയാം. മഞ്ഞുകാലത്താണെങ്കില്‍ തണുപ്പ് അധികരിക്കുന്നതോടെ സന്ധിവാതമുള്ളവരില്‍ വേദനയും മറ്റ് പ്രയാസങ്ങളും കൂടുകയാണ് ചെയ്യുന്നത്. 

ലക്ഷണങ്ങള്‍...

സന്ധികളില്‍ നല്ലതുപോലെ വേദന അനുഭവപ്പെടാം. ഇത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിക്കുംവിധത്തിലേക്കും എത്താം. കൈകാല്‍ വിരലുകളിലും മുട്ടിലുമെല്ലാം വേദന അസഹ്യമാകാം. ഇതാണ് സന്ധിവാതത്തിന്‍റെ ഒരു പ്രധാന ലക്ഷണം. സന്ധികളില്‍ മരവിപ്പ്- അല്ലെങ്കില്‍ അനക്കാനുള്ള പ്രയാസം- പ്രത്യേകിച്ച് രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും അതുപോലെ ദീര്‍ഘസമയം ഒന്നും ചെയ്യാതിരുന്ന ശേഷം എഴുന്നേല്‍ക്കുമ്പോഴും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

തണുപ്പുള്ള കാലാവസ്ഥയില്‍ രക്തക്കുഴലുകള്‍ കൂടുതലായി ചുരുങ്ങിപ്പോവുകയും രക്തയോട്ടം കൃത്യമായി നടക്കാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് വേദന കൂടുതലായി വരുന്നത്. 

മുമ്പേ സൂചിപ്പിച്ചത് പോലെ ചലനങ്ങള്‍ക്കുള്ള പരിമിതിയും വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഇതും സന്ധിവാതത്തെ സൂചിപ്പിക്കുന്നൊരു പ്രശ്നമാണെന്ന് മനസിലാക്കുക. 

ചെയ്യാവുന്നത്...

നേരപത്തെ സന്ധിവാതമുണ്ട് എന്ന് കണ്ടെത്തിയവരെ സംബന്ധിച്ച് അവര്‍ക്ക് ചികിത്സയും മറ്റ് മുന്നൊരുക്കങ്ങളും മാത്രം ചെയ്താല്‍ മതി. എന്നാല്‍ ഈ രോഗം കണ്ടെത്തിയിട്ടില്ലാത്തവരെ സംബന്ധിച്ച് ആദ്യമേ പറഞ്ഞതുപോലെ അവര്‍ക്ക് ലക്ഷണങ്ങളിലൂടെ ഇത് കണ്ടെത്താനുള്ള അവസരമാണിത്.

രോഗം കണ്ടെത്തിയാല്‍ അതിനുള്ള ചികിത്സ തുടങ്ങാവുന്നതാണ്. ഒപ്പം തന്നെ തണുപ്പുകാലത്ത് സന്ധിവാതത്തിന്‍റെ പ്രയാസങ്ങള്‍ പ്രശ്നം സൃഷ്ടിക്കാതിരിക്കാൻ ചില മുന്നൊരുക്കങ്ങളും ആവാം. 

ശരീരം മൂടുംവിധത്തിലുള്ള വസ്ത്രം ധരിക്കാം, വ്യായാമം പതിവാക്കാം (ഇത് ഡോക്ടറോട് ചോദിച്ച് ചെയ്യുന്നതാണ് ഉചിതം), ചൂട് വയ്ക്കാം, മരുന്നുകളാവശ്യമുണ്ടെങ്കില്‍ അത് വാങ്ങിവയ്ക്കാം, ഉറക്കം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ ഉറപ്പിക്കണം. സ്ട്രെസും സന്ധിവാതത്തിന്‍റെ വേദന കൂട്ടുമെന്നതിനാല്‍ സ്ട്രെസ് കുറയ്ക്കാനും ശ്രദ്ധിക്കണം. 

Also Read:- പ്രായം കൂടുന്നത് ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!