മൈക്രോവേവ് ഓവൻ ഉപയോഗം ക്യാൻസറിന് കാരണമാകുന്നു?

By Web TeamFirst Published Dec 8, 2023, 11:40 AM IST
Highlights

ഉയര്‍ന്ന എനര്‍ജിയിലുള്ള റേഡിയേഷനുകള്‍ ആണ് ക്യാൻസറിന് വഴിവച്ചേക്കാവുന്ന തരംഗങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് പലരും മൈക്രോവേവ് ഓവൻ ദിവസവും ഉപയോഗിച്ചാല്‍ അപകടം ആണെന്ന് വിശ്വസിക്കുന്നത്

പുത്തൻ അടുക്കളകളില്‍ ഒഴിച്ചുകൂടാനാകാത്തൊരു സൗകര്യമാണ് മൈക്രോവേവ് ഓവൻ. അടുപ്പ്, ഗ്യാസ്, ഇലക്ട്രിക് അടുപ്പ് എന്നിങ്ങനെയുള്ള കുക്കിംഗ് ഓപ്ഷനുകള്‍ക്ക് ശേഷം ഇന്ന് മൈക്രോവേവ് ഓവൻ ആണ് പാചകത്തിനുള്ള ഉപകരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 

ഭക്ഷണം പാകം ചെയ്യുന്നതിന് മാത്രമല്ല- ഭക്ഷണം ചൂടാക്കിയെടുക്കുന്നതിന് കൂടിയാണ് ഏറ്റവുമധികം പേര്‍ മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത്. എന്നാല്‍ ഓവൻ ഉപയോഗം ഇത്രമാത്രം വ്യാപകമാകുമ്പോഴും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചില ആശങ്കകള്‍ സജീവമായി നില്‍ക്കുകയാണ്. ഇത്തരത്തിലൊരു ആശങ്കയാണ് പതിവായ മൈക്രോവേവ് ഓവൻ ഉപയോഗം ക്യാൻസറിന് കാരണമാകുമെന്നത്. 

Latest Videos

ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാണ് മൈക്രോവേവ് ഓവനില്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങളുടെ സഹായത്തോടെയാണ് ഭക്ഷണത്തെ ചൂടാക്കി പാകപ്പെടുത്തുന്നത്. എന്നാലീ റേഡിയഷൻ ക്യാൻസറിന് കാരണമാകുമോ എന്നതാണ് പലരുടെയും ഭയം. 

എക്സ്-റേ, ഗാമ റേ, ആല്‍ഫ- ബീറ്റ-ന്യൂട്രോണ്‍സ് എന്നിങ്ങനെയുള്ള ഉയര്‍ന്ന എനര്‍ജിയിലുള്ള റേഡിയേഷനുകള്‍ ആണ് ക്യാൻസറിന് വഴിവച്ചേക്കാവുന്ന തരംഗങ്ങള്‍. ഇതിനര്‍ത്ഥം എക്സ്-റേ എടുക്കരുത് എന്നല്ല. അങ്ങനെ തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. എക്സ്-റേ എടുക്കുന്നത് തീര്‍ത്തും സുരക്ഷിതമാണ്. മറ്റ് രീതികളില്‍ ഈ റേഡിയേഷൻ ഏല്‍ക്കുന്നതാണ് ഭീഷണിയാവുക. അപ്പോള്‍ പോലും ക്യാൻസര്‍ അല്ല- ക്യാൻസര്‍ സാധ്യതയാണ് ഉണ്ടാകുന്നത്. എന്നുവച്ചാല്‍ ക്യാൻസര്‍ പിടിപെടണം എന്ന് നിര്‍ബന്ധമില്ല.

ഈ പശ്ചാത്തലത്തിലാണ് പലരും മൈക്രോവേവ് ഓവൻ ദിവസവും ഉപയോഗിച്ചാല്‍ അപകടം ആണെന്ന് വിശ്വസിക്കുന്നത്. റേഡിയഷനുകള്‍ ക്യാൻസര്‍ സാധ്യതയുണ്ടാക്കുന്നതാണെങ്കിലും ഓവന്‍റെ കാര്യത്തില്‍ ഈ ടെൻഷൻ അസ്ഥാനത്താണ് എന്നതാണ് സത്യം. 

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് മൈക്രോവേവ് ഓവൻ ഉപയോഗമെങ്കില്‍ യാതൊരു സുരക്ഷാഭീഷണിയും ഇല്ല. ഹൈ എനര്‍ജി റേഡിയേഷൻ വരാത്തിടത്തോളം അത് ഡിഎൻഎയില്‍ വ്യതിയാനമുണ്ടാക്കുകയോ അതുവഴി ക്യാൻസര്‍ ബാധിക്കുകയോ ചെയ്യില്ല. 

ഇത്തരത്തില്‍ തന്നെ സുരക്ഷിതമായാണ് ഓവനുകള്‍ നിര്‍മ്മിക്കുന്നതും. അതുപോലെ ബന്ധപ്പെട്ട ഏജൻസികളുടെ ലൈസൻസോ അനുമതിയോ ഇല്ലാതെ ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ ഇറങ്ങുകയും ഇല്ലെന്ന് മനസിലാക്കണം. 

അതുപോലെ ഓവനില്‍ നിന്ന് റേഡിയേഷൻ ചോരുന്നതും പലരുടെയും ആശങ്കയാണ്. ഓവൻ കൃത്യമായി ഉപയോഗിക്കുക, വൃത്തിയാക്കുക, പരിപാലിക്കുക, കേടുപാടുകള്‍ പരിഹരിക്കുക എന്നീ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ ഒരു തരത്തിലും ഓവൻ നമ്മുടെ ആരോഗ്യത്തിന് സുരക്ഷാഭീഷണി മുഴക്കില്ല. ഇത് മാത്രമാണ് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുള്ളൂ. 

Also Read:- ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 'വാക്കിംഗ് ന്യുമോണിയ'; ചൈനയില്‍ നിന്നുള്ള ന്യുമോണിയ അല്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!