രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക...

By Web TeamFirst Published Jan 18, 2024, 8:39 PM IST
Highlights

ചുമയെ എപ്പോഴാണ് പേടിക്കേണ്ടത്? എപ്പോഴാണ് ഡോക്ടറെ നിര്‍ബന്ധമായും കാണേണ്ടത്? എന്തെല്ലാം ലക്ഷണങ്ങളാണ് ശ്രദ്ധിക്കാനുള്ളത്- എന്നീ കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. 

ചുമ, ജലദോഷം, പനി എന്നിവയുടെ സീസണാണിത്. ഇതിനിടയില്‍ കൊവിഡ് വ്യാപനവും കൂടിയാകുമ്പോള്‍ അത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചുമയും പനിയും ജലദോഷവും തന്നെ പലരിലും വളരെ ഗൗരവതരമായ അവസ്ഥയിലേക്ക് നീങ്ങാറുണ്ട്. 

ന്യുമോണിയ, ശ്വാസകോശസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം ഈ അണുബാധകള്‍ ചെന്നെത്തുന്ന അവസ്ഥ കാണാം. ഇത് സമയബന്ധിതമായി കണ്ടെത്താനും പരിഹാരം തേടാനോ സാധിച്ചില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. 

Latest Videos

ഇത്തരത്തില്‍ ചുമയെ എപ്പോഴാണ് പേടിക്കേണ്ടത്? എപ്പോഴാണ് ഡോക്ടറെ നിര്‍ബന്ധമായും കാണേണ്ടത്? എന്തെല്ലാം ലക്ഷണങ്ങളാണ് ശ്രദ്ധിക്കാനുള്ളത്- എന്നീ കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. 

സാധാരണനിലയില്‍ ചുമയ്ക്കോ ജലദോഷത്തിനോ ഡോക്ടറെ കാണേണ്ടതില്ല. എന്നാല്‍ രണ്ടാഴ്ചയായിട്ടും മാറാത്ത ചുമയാണെങ്കില്‍ ഇതിന് ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകളും നിര്‍ബന്ധമായി ചെയ്യണം. ഇതിനൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ടോയെന്ന് നിങ്ങള്‍ പരിശോധിക്കണം. 

നല്ല പനി, രാത്രിയില്‍ വല്ലാതെ വിയര്‍ക്കുന്ന സാഹചര്യം, കഫത്തില്‍ രക്തം, കഫത്തില്‍ നിറവ്യത്യാസം (സാധാരണഗതിയില്‍ കാണുന്ന നിറത്തില്‍ നിന്ന് വ്യത്യാസം) എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇവയിലേതെങ്കിലും കാണുന്നപക്ഷവും വൈകാതെ തന്നെ ആശുപത്രിയില്‍ പോകണം. 

കഫത്തില്‍ നിറവ്യത്യാസം കാണുകയും ഇത് ഒരാഴ്ചത്തേക്കെങ്കിലും നീണ്ടുനില്‍ക്കുകയും ഒപ്പം വിട്ടുമാറാത്ത ചുമയും കൂടെയുണ്ടെങ്കില്‍ ന്യുമോണിയയ്ക്കുള്ള സാധ്യത ഏറെയാണ്.  അതല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശ്വാസകോശ അണുബാധ. കഫത്തില്‍ പിങ്ക് നിറവ്യത്യാസമാണ് കാണുന്നതെങ്കില്‍ ഉടനെ ആശുപത്രിയിലെത്തണം. കാരണം ഇത് ഹൃദയമോ ശ്വാസകോശമോ പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകാം.

കഫത്തില്‍ രക്തമായിട്ട് തന്നെ കാണുകയാണെങ്കിലും പെട്ടെന്ന് ആശുപത്രിയിലെത്തി വേണ്ട പരിശോധനകള്‍ ചെയ്തുതുടങ്ങണം. കാരണം ഇതും അല്‍പം ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമാണ്. ശ്വാസകോശ അര്‍ബുദത്തിലൊക്കെ ഈ ലക്ഷണം വരാം എന്നതിനാലാണ് ഈ ശ്രദ്ധ നല്‍കുന്നത്. ഇതിന് പുറമെ ആസ്ത്മ, സിഒപിഡി തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണമായി കഫത്തില്‍ രക്തം വരാറുണ്ട്. 

ശ്വാസതടസമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം. വിട്ടുമാറാത്ത ചുമയ്ക്കൊപ്പം ശ്വാസതടസം, അതായത് നിത്യജീവിതത്തില്‍ സാധാരണഗതിയില്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരികയാണെങ്കില്‍ അതും നോക്കണം. അത്ര ഗൗരവമില്ലാത്ത അവസ്ഥ മുതല്‍ ഏറെ ഗൗരവമുള്ള രോഗങ്ങളില്‍ വരെ ശ്വാസതടസം ലക്ഷണമായി കാണാമെന്നതിനാല്‍ 'റിസ്ക്' എടുക്കാൻ പറ്റില്ലല്ലോ. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ പല രോഗങ്ങളുടെയും ഭാഗമായി കാണാവുന്നതാണ്. ഇതില്‍ ചിലത് മുമ്പ് സൂചിപ്പിച്ചത് പോലെ ഏറെ ഗൗരവമുള്ളത് ആയിരിക്കും. മറ്റ് ചിലതാകട്ടെ അത്ര ഗൗരവമുള്ളത് ആകണമെന്നില്ല. അതിനാല്‍ തന്നെ ആശുപത്രിയിലെത്തി പരിശോധിക്കുക എന്നതാണ് ഉചിതമായ മാര്‍ഗം.

Also Read:- മുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണ- പാനീയങ്ങള്‍; ഇവ നിയന്ത്രിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!