സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ പ്രശ്നമായി; ഗായിക മരിച്ചു

By Web TeamFirst Published Jan 27, 2024, 3:02 PM IST
Highlights

കോസ്മെറ്റിക് സര്‍ജറികള്‍ വ്യാപകമാകുന്നതിനൊപ്പം തന്നെ ഇതിന്‍റെ സങ്കീര്‍ണതകളും അനന്തരഫലങ്ങളും പാര്‍ശ്വഫലങ്ങളുമെല്ലാം വര്‍ധിച്ചിട്ടുണ്ട്. കോസ്മെറ്റിക് സര്‍ജറി പിഴച്ച്, അതില്‍ പെട്ടുപോയ പലരുമുണ്ട്. ജീവൻ തന്നെ നഷ്ടപ്പെട്ടരുണ്ട്.

കോസ്മെറ്റ്ക് സര്‍ജറികളുടെ കാലമാണിതെന്ന് പറയാം. അത്രമാത്രം ആളുകള്‍ ഇന്ന് കോസ്മെറ്റിക് സര്‍ജറിയിലേക്ക് ധൈര്യപൂര്‍വം കടക്കുന്നു. മുമ്പെല്ലാം സെലിബ്രിറ്റികളും, ഏതെങ്കിലും വിധത്തില്‍ ഗുരുതരമായി പരുക്കേറ്റവരും മാത്രമാണ് കോസ്മെറ്റിക് സര്‍ജറി തെരഞ്ഞെടുത്തിരുന്നത് എങ്കില്‍ നിലവില്‍ ആ സാഹചര്യങ്ങളെല്ലാം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. 

സാമ്പത്തികശേഷിയുള്ള ആര്‍ക്കും കോസ്മെറ്റിക് സര്‍ജറി പ്രാപ്യമായി. മെഡിക്കല്‍ ആവശ്യങ്ങളെക്കാള്‍, സൗന്ദര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി കോസ്മെറ്റിക് സര്‍ജറികള്‍ ഏറെ ഉപയോഗിക്കപ്പെടുന്ന അവസ്ഥ. സാമ്പത്തിക ചിലവില്‍ തന്നെ ഇതില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല സര്‍ജറികളുടെയും ചിലവ് കുറഞ്ഞതും ഇത് വ്യാപകമാകുന്നതിന് കാരണമായി. 

Latest Videos

കോസ്മെറ്റിക് സര്‍ജറികള്‍ വ്യാപകമാകുന്നതിനൊപ്പം തന്നെ ഇതിന്‍റെ സങ്കീര്‍ണതകളും അനന്തരഫലങ്ങളും പാര്‍ശ്വഫലങ്ങളുമെല്ലാം വര്‍ധിച്ചിട്ടുണ്ട്. കോസ്മെറ്റിക് സര്‍ജറി പിഴച്ച്, അതില്‍ പെട്ടുപോയ പലരുമുണ്ട്. ജീവൻ തന്നെ നഷ്ടപ്പെട്ടരുണ്ട്. അത് സെലിബ്രിറ്റികളാകുമ്പോള്‍ നാം അറിയുന്നു എന്ന് മാത്രം.

സമാനമായ രീതിയില്‍ കോസ്മെറ്റിക് സര്‍ജറിക്ക് പിന്നാലെയുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് ബ്രസീലിയൻ ഗായിക മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാല്‍പത്തിരണ്ടുകാരിയായ ഡാനി ലീ (ഡീനിയേലെ ഫോൻസെക മഷാഡോ) എന്ന പോപ് ഗായികയാണ് മരിച്ചത്. 

സൗന്ദര്യം കൂട്ടുക എന്നതുതന്നെയായിരുന്നു ഡാനി ലീയുടെയും ലക്ഷ്യം. വയറില്‍ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുക, സ്തനങ്ങള്‍ ഒന്ന് ചെറുതാക്കുക- ഇത്രയുമായിരുന്നു വത്രേ ഡാനി ലീയുടെ ലക്ഷ്യം. 

എന്നാല്‍ കൊഴുപ്പ് നീക്കം ചെയ്യാനുള്ള 'ലിപ്പോസക്ഷൻ' സര്‍ജറിക്കിടെ ആരോഗ്യനില പ്രശ്നത്തിലായി എന്ന് മാത്രമേ റിപ്പോര്‍ട്ടുകള്‍ പറയുന്നുള്ളൂ. ശേഷം ഉടനെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട് ഡാനി ലീക്ക്. ആമസോണ്‍ കാടുകളുടെ ഭാഗമായ അഫുവയില്‍ ജനിച്ച ഡാനി ലീ അഞ്ച് വയസ് മുതല്‍ തന്നെ സംഗീതം പരിശീലിച്ചിരുന്നു. ടാലന്‍റ് ഷോകളിലൂടെയെല്ലാം പ്രശസ്തയായ ഡാനി ലീ 'അയാം ഫ്രം ദ ആമസോണ്‍...' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയയാകുന്നത്. 

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനോ, ആരോഗ്യപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ, ഇങ്ങനെ ഏത് ലക്ഷ്യത്തിനായോ കോസ്മെറ്റിക് സര്‍ജറി ചെയ്യുന്നതില്‍ പ്രശ്നമില്ല. ലക്ഷ്യമല്ല ഇവിടെ വിഷയം. ആരാണ് സര്‍ജറി ചെയ്യുന്നത്, എവിടെ വച്ചാണ് ചെയ്യുന്നത്, ഇത് എത്രമാത്രം വിജയകരമായി തന്നില്‍ ചെയ്യാം, തനിക്ക് ഇത് യോജിക്കുമോ എന്നെല്ലാമുള്ള അന്വേഷണം നടത്തേണ്ടത് നിര്‍ബന്ധമാണ്. പല ക്ലിനിക്കുകളും നിയമവിരുദ്ധമായും, അശാസ്ത്രീയമായുമെല്ലാമാണ് കോസ്മെറ്റിക് സര്‍ജറികള്‍ നടത്തുന്നത്. ഇത് അറിയാതെ ഇവിടെ പെട്ടുപോയാല്‍ പിന്നെ ജീവൻ തന്നെ തുലാസിലാകാം. 

കോസ്മെറ്റിക് സര്‍ജറിക്ക് മുമ്പ് ആരോഗ്യനില, എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നീ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. ഇത് 100 ശതമാനവും നിര്‍ബന്ധമാണ്. അത് എത്ര ചെറിയ കോസ്മെറ്റിക് സര്‍ജറി ആണെങ്കിലും. അതുപോലെ സര്‍ജറി ചെയ്യുന്നത് ആരാണ്, ഏതാണ് ആശുപത്രി/ ക്ലിനിക്ക്- എന്താണ് ഇവരുടെ വിശ്വാസ്യത, മൂല്യം എന്നിങ്ങനെയുള്ള കാര്യങ്ങളിലും മുഴുവൻ ഉറപ്പ് വേണം. ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ കോസ്മെറ്റിക് സര്‍ജറി മൂലമുള്ള സങ്കീര്‍ണതകള്‍ ചുരുക്കാം.

Also Read:- സൈനസ് തലവേദനയും മൂക്കടപ്പും കൂടുമ്പോള്‍ ആശ്വാസത്തിന് ഇതൊന്ന് ചെയ്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!