2020-ൽ ചൈനയിൽ റെക്കോർഡ് മഴ പെയ്തതിന് കാരണം കൊവിഡിനെ തുടര്‍ന്ന് ദ്രുതഗതിയിലുള്ള ഉദ്‌വമനത്തില്‍ പെട്ടെന്ന് ഇടിവുണ്ടായതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടച്ച് പൂട്ടലിനെ തുടര്‍ന്ന് ഹരിതഗൃഹ വാതകങ്ങളുടെയും എയറോസോൾ എന്ന ചെറുകണങ്ങളുടെയും കുറവ് അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമായി.
റെക്കോർഡ് മഴയെ തുടര്‍ന്ന് നൂറുകണക്കിന് ആളുകൾ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. കിഴക്കൻ ചൈനയുടെ പല ഭാഗങ്ങളിലും 2020 ജൂൺ, ജൂലൈ മാസങ്ങളിൽ കടുത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടുത്.
ഹരിതഗൃഹവാതകം പുറന്തള്ളുന്നതിലുണ്ടായ കുറവ് പെയ്തിറങ്ങിയ വേനല്‍മഴയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. യാങ്‌സി നദിയിൽ 1961 ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് 2020 ല്‍ ലഭിച്ചത്. കഴിഞ്ഞ 41 വർഷത്തെ ശരാശരിയെ അപേക്ഷിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ പെയ്ത മഴയില്‍ 79% ന്‍റെ വർദ്ധനവ്.'
നിരവധി ശാസ്ത്രീയ പഠനങ്ങൾ വെള്ളപ്പൊക്ക സംഭവങ്ങൾക്ക് കാരണമായത് എന്താണെന്ന് പരിശോധിച്ചു. ഇതുവരെയുള്ള പഠനങ്ങള്‍ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് വര്‍ദ്ധിക്കുന്നതും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലുമാണ് കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ പുതിയ പഠനം പറയുന്നത്, കൊവിഡ്-19 വ്യാപന സമയത്ത് അടച്ചുപൂട്ടൽ മൂലം ഹരിതഗൃഹ വാതകങ്ങളുടെയും എയറോസോളുകളുടെയും ഉദ്‌വമനം പെട്ടെന്ന് കുറഞ്ഞതാണ് തീവ്രമായ മഴയുടെ ഒരു പ്രധാന കാരണമെന്നാണ്. '
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചൈനയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ വേനൽമഴ പെയ്തിരുന്നതായി രേഖകള്‍ കാണിക്കുന്നു. എന്നാല്‍, അന്തരീക്ഷത്തിലെ എയറോസോളുകളുടെ എണ്ണം വർധിച്ചതിനാൽ മധ്യ ചൈനയില്‍ ഇക്കാലയളവില്‍ മഴ ഗണ്യമായി കുറഞ്ഞു.
കൽക്കരി കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന എയറോസോളുകള്‍ പോലുള്ള കണങ്ങൾക്ക്, മഴയുടെ അളവ് കുറയുന്നതിന് കാരണമായ വലിയ തോതിലുള്ള കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതിനെ തടയാന്‍ കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
അടച്ച് പൂട്ടലോടെ ഈ കണങ്ങളില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി. 2020-ൽ ഹരിതഗൃഹ വാതക ഉദ്‌വമനം വളരെ കുറഞ്ഞു. ഇത് വിപരീത ഫലത്തിന് കാരണമായെന്നും മഴയിൽ വലിയതോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയെന്നും പഠനം പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
എയറോസോൾ കുറവുമൂലം കരയിൽ ചൂടുകൂടുകയും ഹരിതഗൃഹ വാതകങ്ങളുടെ കുറവ് മൂലം സമുദ്രത്തിന് മുകളിൽ തണുപ്പ് ഉണ്ടാകുകയും ചെയ്തു. ഇത് വേനല്‍ക്കാലത്ത് കര/കടൽ താപനിലയില്‍ വലിയ തോതിലുള്ള വ്യത്യാസം സൃഷ്ടിച്ചു. '
ഇത് ദക്ഷിണ ചൈന/ഫിലിപ്പീൻസ് കടലിൽ സമുദ്രനിരപ്പിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും കിഴക്കൻ ചൈനയിലേക്ക് ഈർപ്പമുള്ള വായു കൊണ്ടുവരുന്ന കാറ്റ് തീവ്രമാക്കുന്നതിനും കാരണമായതായി ചൈനയിലെ നാൻജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ഇൻഫർമേഷൻ സയൻസ് ആന്‍റ് ടെക്‌നോളജിയിലെ പ്രൊഫ യാങ് യാങ് വിശദീകരിച്ചു
ലോകമെമ്പാടുമുള്ള മിക്ക സര്‍ക്കാരുകളും തങ്ങളുടെ ഊർജ്ജ സംവിധാനങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറ്റാനും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെയും എയറോസോളുകളുടെയും പുറന്തള്ളല്‍ കുറയ്ക്കാനും ശ്രമിക്കുകയാണ്. ഇത്തരമൊരു നീക്കം ചൈനയെ അപകടപ്പെടുത്തുമോ എന്ന ചോദ്യത്തിനുള്ള പ്രൊഫ യാങ് യാങിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. '
ഇത് പെട്ടെന്നുണ്ടാകുന്ന മാറ്റത്തില്‍ നിന്നും ഇത് വ്യത്യസ്തമായിരിക്കും. കാരണം, നയപരമായും ക്രമാനുഗതവുമായ മാറ്റമാണ് അത്തരം അവസ്ഥയില്‍ നടക്കുക. അതുകൊണ്ട് തന്നെ തുടര്‍ച്ചയായിട്ടുള്ളതാണെങ്കിലും ആ മറ്റത്തിന് വ്യത്യസ്തമായ ഫലമാകുമുണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചത്.