ദൃഷാനയുടെ ജീവിതം കോമയിലാക്കിയ ആ കാർ മാസങ്ങൾക്ക് ശേഷം കണ്ടെത്തിയതെങ്ങനെ?

By Web Team  |  First Published Dec 10, 2024, 4:29 PM IST

വടകരയില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ച് കോമയിലാക്കിയ ദൃഷാന എന്ന ഒമ്പതുവയസ്സുകാരിക്ക്  നീതി ലഭിക്കുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസ്‌ നിരന്തരം നടത്തിയ ഇടപെടലുകളുടെ നാള്‍ വഴികള്‍.


ക്കഴിഞ്ഞ ഓഗസ്ത് മാസം 26 -ന് വെയില്‍ ചാഞ്ഞു തുടങ്ങുന്നൊരു വൈകുന്നേരമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്‍ററിന് മുന്നില്‍ വെച്ചാണ് കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിയായ ഒമ്പത് വയസ്സുകാരി ദൃഷാനയുടെ അമ്മയെയും ബന്ധുക്കളെയും ആദ്യമായി കണ്ടുമുട്ടുന്നത്. നിസ്സഹായതയുടെ അങ്ങേത്തലയിലുള്ള നാല് മനുഷ്യര്‍. ഉള്ളിലെ സങ്കടക്കടല്‍ എങ്ങനെ പറഞ്ഞു പ്രതിഫലിപ്പിക്കുമെന്ന് അറിയാത്തവര്‍.

ഇടിത്തീയായി വന്നൊരു റോഡപകടത്തില്‍ ജീവിതമാകെ ആടിയുലഞ്ഞ നിലയിലായിരുന്നു അവര്‍. മുത്തശ്ശി മരിക്കുകയും ഒമ്പതുവയസുകാരിയായ പേരക്കുട്ടി കോമയിലാവുകയും ചെയ്ത അവസ്ഥ. അമ്മ മരിച്ച് ചിതയാറും മുമ്പ് ചടങ്ങുകള്‍ക്കൊന്നും നില്‍ക്കാതെ ഗുരുതരപരുക്കേറ്റ മകള്‍ക്ക് കൂട്ടിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയതായിരുന്നു ദൃഷാനയുടെ അമ്മ. ആറുമാസം പിന്നിട്ടിട്ടും അബോധാവസ്ഥയില്‍ തുടരുന്ന മകളുടെ നിലയില്‍ മാറ്റമില്ല.

Latest Videos

ആധിവ്യാധികളോടും ഇല്ലായ്മകളോടും പടവെട്ടി ശീലമുള്ള സാധാരണക്കാരില്‍ സാധാരണക്കാരാണ്. ഇത്തവണ പക്ഷെ, അവര്‍ ഏറെക്കുറെ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ആരോടു പറയും? എവിടെപ്പോകും? നീതി കിട്ടാന്‍ ഇനിയെന്താണ് വഴി?

undefined

ഏഷ്യാനെറ്റ് ന്യൂസ് എന്ന വാതില്‍

അവര്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എവിടെ നിന്നും കൃത്യമായ ഒരു മറുപടിയുമില്ല. ഒടുവിലാണ് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനെ സമീപിക്കുന്നത്. അത് പക്ഷേ, ഫലം കണ്ടു.
റീജിയണൽ ചീഫ്, ഷാജഹാൻ, ബ്യൂറോ ചീഫ് സന്ദീപ് തോമസ്, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ശ്രാവണ്‍ എന്നിവര്‍ വഴിയാണ് ഇങ്ങനെ ഒരു വാര്‍ത്ത ഉണ്ടെന്നറിഞ്ഞതും ദൃഷാനയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതും. ആദ്യം ഫോണില്‍ സംസാരിച്ചത് സോമന്‍ എന്നയാളോടാണ്. ദേശീയപാതയില്‍ വടകര ചോറോട് വെച്ച് ഫെബ്രുവരി 17 -ന് നടന്ന അപകടത്തെക്കുറിച്ചും ആ കാര്‍ കണ്ടുകിട്ടിയാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യമെങ്കിലും കിട്ടുമായിരുന്നെന്നും മനസാക്ഷിയില്ലാത്ത ഡ്രൈവറെക്കുറിച്ചും അദ്ദേഹം പറഞ്ഞൊപ്പിച്ചു.

മെഡിക്കൽ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്‍ററിലെ ഇരുപത്തെട്ടാം വാര്‍ഡിലാണ് ഓര്‍മ്മയില്ലാതെ, ചലനമില്ലാതെ ദൃഷാന എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ആറുമാസമായി കഴിഞ്ഞിരുന്നത്. വാര്‍ഡിന് പുറത്ത് അമ്മ സ്മിത, ആറു വയസുള്ള അനുജത്തി, സ്മിതയുടെ അമ്മയുടെ സഹോദരന്‍ സോമന്‍, സഹോദരന്‍റെ ഭാര്യ വിചിത്ര എന്നിവര്‍. അവിടെ വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘം വാര്‍ത്ത ചിത്രീകരിച്ചത്. മകളെക്കുറിച്ച് പറയുമ്പോള്‍  അമ്മ സ്മിതയുടെ കണ്ണ് നിറഞ്ഞു തൂവി.  ഫെബ്രുവരി 17 -ന് രാത്രി പത്തുമണിയോടെ സ്മിത, അമ്മ ബേബി, മകള്‍ ദൃഷാന എന്നിവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.  സ്മിതയുടെ കണ്‍മുന്നില്‍ വെച്ചാണ് 68 -കാരിയായ അമ്മ തല്‍ക്ഷണം മരിച്ചത്, മകള്‍ കോമയിലാണ്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അത് കണ്ടുകിട്ടിയില്ല. ആ വണ്ടി ഏതെന്ന് അറിഞ്ഞാല്‍ മാത്രമേ ഇന്‍ഷുറന്‍സ് പോലും ലഭിക്കൂ. ഇതായിരുന്നു അവസ്ഥ.

''സാധാരണക്കാരുടെ ജീവിതത്തിന് ഇത്രയേ വിലയുള്ളൂ. ഈ വാര്‍ത്ത കണ്ടെങ്കിലും വാഹനം ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ ഞങ്ങളുടെ നരകയാതന അറിയണം. ഏതോ വിഐപി ആയത് കൊണ്ടാവും പൊലീസ് അയാളെ പിടിക്കാത്തത്''-ഇതായിരുന്നു സ്മിതയുടെ വാക്കുകള്‍. തിരക്കുള്ള ദേശീയ പാതയില്‍, ഒട്ടേറെ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിട്ടും, ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ കഴിയാത്തതിനുള്ള നിരാശയും രോഷവും പ്രതിഷേധവും സങ്കടവുമെല്ലാമായിരുന്നു മറ്റുള്ളവരുടെയും വാക്കുകളിലും.

അതിനുശേഷമാണ്, ദൃഷാനയെ ചികില്‍സിക്കുന്ന ഡോക്ടര്‍ ശ്രീജിത്തിനെ ബന്ധപ്പെട്ടത്. ബ്രെയിന്‍ ഇഞ്ചുറി ഉള്ളതിനാല്‍ ന്യൂറോ റീഹാബിലിറ്റേഷനാണ് ചെയ്യാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവസ്ഥ ഭേദമാകുന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരൊറ്റ വാര്‍ത്ത, പിന്തുണയുടെ പല കൈകള്‍

അങ്ങനെയാണ് ആ വാര്‍ത്തയ്ക്ക് വഴിയൊരുങ്ങുന്നത്. ദൃഷാന ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും  ഇടിച്ച കാര്‍ ഒരുനാള്‍ കണ്ടെത്തുമെന്നും അതുവഴി ഇന്‍ഷുറന്‍സ് തുകയെങ്കിലും കുടുംബത്തിന് ലഭിക്കുമെന്നും അവരെ ചേർത്തു പിടിക്കണമെന്നും ചെയ്യാന്‍ പോകുന്ന വാര്‍ത്ത അതിന് കാരണമാകുമെന്നുമുള്ള വലിയ വിശ്വാസത്തോടെയുമാണ് ഓഫീസിലേക്ക് തിരിച്ചത്. രാത്രി പിജി സുരേഷ് കുമാര്‍ ഉള്‍പ്പെട്ട 'നമസ്‌തേ കേരളം' ഗ്രൂപ്പില്‍ ഈ ദയനീയത പങ്കുവെച്ചു. രാവിലെ വലിയ പ്രാധാന്യത്തില്‍ ഈ വാര്‍ത്ത കൊടുക്കാമെന്നും തീരുമാനമായി.

പിറ്റേദിവസം രാവിലെ 'നമസ്‌തേ കേരള'ത്തിലൂടെയാണ് ഈ വാര്‍ത്ത ബ്രേക്കിങ് സ്റ്റോറിയായി പുറംലോകം അറിയുന്നത്. സ്ഥലം എംപി ഷാഫി പറമ്പില്‍, എംഎല്‍എ  കെ.കെ രമ തുടങ്ങിയവരില്‍ നിന്നും റീഡര്‍ ശാലിനി ശിവദാസ് തത്സമയം പ്രതികരണം തേടി. കുട്ടിയുടെ അമ്മയുടെ അക്കൗണ്ട് നമ്പറുകള്‍ ഉള്‍പ്പെടുത്തി ഒരിക്കല്‍ക്കൂടി അതേ ബുള്ളറ്റിനില്‍ വാര്‍ത്ത കയറി. പൊതുസമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നിരവധി പേര്‍ സഹായഭ്യര്‍ത്ഥനയുമായി ഓഫീസിലേക്കും മറ്റും വിളിച്ചു.

അന്ന് ഉച്ചയോടെ റൂറല്‍ എസ്പി പി. നിധിന്‍ രാജ് ഐപിഎസിനെ ഫോണിൽ വിളിച്ച് ഈ സംഭവം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അയച്ചു കൊടുത്ത വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് സംഭവത്തിന്‍റെ  ദയനീയതയും ഗൗരവവും അദ്ദേഹത്തിന് കൂടുതല്‍ വ്യക്തമായത്. പരിശോധിച്ച് ഉചിതമായ നടപടികള്‍ ഉടന്‍ എടുക്കാമെന്നുമായിരുന്നു വളരെ വളരെ പോസിറ്റീവായി അദ്ദേഹത്തിന്‍റെ മറുപടി.

അന്വേഷണത്തിലെ വഴിത്തിരിവ്

പിറ്റേ ദിവസം ഓഗസ്റ്റ് 28 -ന് കാര്‍ കണ്ടെത്തുന്നതിന് വടകര റൂറല്‍ എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വാര്‍ത്തയെത്തുടര്‍ന്നുണ്ടായ ആദ്യ വലിയ ഇംപാക്ട് ആയിരുന്നു അത്. ഒരു മാസത്തെ സമയപരിധി വെച്ച്, കാര്‍ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഓരോ ആഴ്ചയും പുരോഗതി വിലയിരുത്തുമെന്നും റൂറല്‍ എസ് പി അറിയിച്ചു. കാറിന്‍റെ അവ്യക്തമായ ഒരു സിസിടിവി ദൃശ്യവും ഒരു ഓട്ടോക്കാരന്‍റെ കൃത്യതയില്ലാത്ത മൊഴിയും ഉള്‍പ്പെടെ പരിമിതമായ വിവരങ്ങള്‍ മാത്രമായിരുന്നു ആറുമാസത്തിന് ശേഷം പുതിയ ടീമിനെ വെച്ച് അന്വേഷണം തുടങ്ങുമ്പോള്‍ പൊലീസിന്‍റെ പക്കല്‍ ഉണ്ടായിരുന്നത്.

കോടതിയുടെ ഇടപെടല്‍

പിറ്റേന്ന് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദൃഷാനയടെ കുടുംബത്തിന്‍റെ അരികിലെത്തി. നമസ്‌തേ കേരളത്തിലൂടെ തത്സമയം പ്രതികരിക്കുമ്പോള്‍ പ്രതീക്ഷയുടെ  കണികകള്‍ സ്മിതയുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെ ദയനീയാവസ്ഥയെക്കുറിച്ചുള്ള ആദ്യ സ്റ്റോറി  കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ്  പ്രതിനിധി ജെവിന്‍ ടുട്ടു ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എത്തിക്കുന്നത്. ദൃഷാനക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യും എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജെവിനെ അറിയിച്ചു. അക്കാര്യം ജെവിന്‍ ഫോളോ അപ്പ് ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന പോലീസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതോടെ ഈ വിഷയത്തില്‍ കോടതിയുടെ ആദ്യ ഇടപെടലുണ്ടായി. കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റി, വടകര താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധികളും വളണ്ടിയര്‍മാരായ ചന്ദ്രന്‍, ശാന്ത തുടങ്ങിയവരും വളരെ ഗൗരവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു.  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആന്‍സി കുടുംബത്തെ നേരില്‍ സന്ദര്‍ശിച്ച് സൗജന്യ നിയമസഹായം ഉറപ്പു നല്‍കി.

ദൃഷാനയുടെ അവസ്ഥ കണ്ടപ്പോള്‍ DLSA സെക്രട്ടറി ആന്‍സിയുടെ കണ്ണ് നിറഞ്ഞെന്ന് അന്ന് മുറിയിലുണ്ടായ വിചിത്ര വിളിച്ചു പറഞ്ഞതോര്‍ക്കുന്നു. അപ്പോഴേക്കും ആരെങ്കിലുമൊക്കെ ഉണ്ടെന്ന ചെറിയൊരു വിശ്വാസം ബന്ധുക്കള്‍ക്ക് കൈവന്നിരുന്നു.

നീതി ലഭ്യമാക്കാൻ ഇടപെടുമെന്ന് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ DLSA സെക്രട്ടറി ആൻസിയും ഉറപ്പ് നൽകിയിരുന്നു. പൊലീസിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടെ പ്രാഥമിക റിപ്പോർട്ട്‌ ഉടൻ കൈമാറുമെന്നും അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ഇരുഭാഗത്തുമുള്ള കടകൾ പൊളിച്ചു നീക്കിയത് കൊണ്ട് സിസിടിവി ക്യാമറകൾ ഇല്ലാത്തതാണ് തടസ്സമെന്നായിരുന്നു പൊലീസ് ലീഗൽ സർവീസ് അതോറിറ്റിയെ അറിയിച്ചത്.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍  ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിയില്‍  നിന്നും  വിക്ടിം റൈറ്റ് സംസ്ഥാന കോഡിനേറ്റര്‍ പാര്‍വതി, ഫാമിലി സൈക്കോളജി സെന്‍ററിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ എത്തി.  നഷ്ടപരിഹാര സാധ്യതകളും കുടുംബത്തിന്‍റെ ദയനീയാവസ്ഥയും കോടതിയെ ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അവര്‍ തിരിച്ചുപോകുമ്പോൾ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇളയ കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് പഠന സൗകര്യം ചെയ്തു കൊടുക്കുമെന്നും പിന്നീട് ഫോണിൽ
വിളിച്ചപ്പോൾ അറിയിച്ചു. സ്വമേധയാ കേസ് എടുക്കാനുള്ള സാധ്യതകളും പങ്കുവെച്ചിരുന്നു.
ഇക്കാര്യങ്ങളെല്ലാം കുടുംബത്തെ അപ്പപ്പോള്‍ അറിയിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു അവര്‍. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം ബ്രേക്കിങ് സ്റ്റോറികളായി സമൂഹത്തിന്‍റെ മുന്നിലെത്തിച്ചു. ഒപ്പം, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന സ്‌കീം കുടുംബത്തിന് ലഭ്യമാക്കുന്നതിനുള്ള പലവിധ അന്വേഷണങ്ങൾ വ്യക്തിപരമായും നടത്തി. അക്കാര്യത്തിലും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി കാര്യമായിത്തന്നെ ഇടപെട്ടു.

ദൃഷാനയുടെ ദുരിതത്തില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 12 -ന് സ്വമേധയാ കേസെടുത്തത് സുപ്രധാന ചുവടുവെപ്പായി. പിറ്റേന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ മകള്‍ കഴിയുന്ന വാര്‍ഡിന് മുന്നില്‍ നിന്നും നമസ്‌തേ കേരളത്തിലൂടെ അമ്മ സ്മിതയും ബന്ധു വിചിത്രയും വീണ്ടും പ്രതികരിച്ചു. സങ്കടങ്ങള്‍ക്കിടയിലും ആശ്വാസത്തിന്‍റെ തരി വെളിച്ചവും ആരൊക്കെയോ കൂടെയുണ്ടെന്ന തോന്നലും അവരുടെ മുഖത്ത് അന്ന് പ്രതിഫലിച്ചിരുന്നു. അത് കണ്ടപ്പോൾ ചെറിയൊരു സംതൃപ്തി തോന്നി.

കോടതിയിൽ മാത്രമാണ് ഇനി വിശ്വാസം എന്ന് പറഞ്ഞാണ് സ്മിത വാക്കുകള്‍ അവസാനിപ്പിച്ചത്. ജസ്റ്റിസ് പി. ജി അജിത് കുമാറും അനില്‍ പി നരേന്ദ്രനും അടങ്ങിയ ഡിവിഷന്‍  ബെഞ്ചിലായിരുന്നു കേസ്. സര്‍ക്കാരില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയ കോടതി കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാത്തത് ഒരു കാരണവശാലും നീതീകരിക്കാവില്ലെന്നും പൊലീസും, മോട്ടോര്‍ വാഹന വകുപ്പും ഇക്കാര്യത്തില്‍ അടിയന്തര  റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥ ഒരു പാവപ്പെട്ട കുടുംബത്തിന് എങ്ങനെ തണലാകുന്നു എന്നതെല്ലാം ബ്രേക്കിങ്ങുകളായിരുന്നു.

കോടതിയുടെ ഈ ഇടപെടലോടെ  പോലീസ് അന്വേഷണത്തിന് കൂടുതല്‍ ചടുലത കൈവന്നു. സബ് കലക്ടറെയും കോടതി കക്ഷി ചേര്‍ത്തു. ഇതിനിടെ വിഷയം മനുഷ്യാവകാശ കമ്മീഷന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ മെമ്പര്‍ ബൈജു നാഥിനെ ഫോണില്‍ വിളിച്ചു പറഞ്ഞും സ്റ്റോറികള്‍ അയച്ച് കൊടുത്തും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അദ്ദേഹവും ഉടനടി ഇടപെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസെടുത്തെന്നും പൊലീസില്‍ നിന്നും വിശദീകരണം  തേടിയെന്നും ആദ്യ സ്റ്റോറിയുടെ ലിങ്ക് സഹിതം മനുഷ്യാവകാശ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിറക്കി.

നിരാശയില്‍ നിന്നും പ്രതീക്ഷയിലേക്ക്

പിന്നീട് രണ്ട് - മൂന്നാഴ്ച കാര്യമായ സംഭവ വികാസങ്ങള്‍ ഉണ്ടായില്ല. ഇത്രയുമായ സ്ഥിതിക്ക് വാടക വീട്, മെച്ചപ്പെട്ട ചികില്‍സാ സാധ്യത തുടങ്ങിയ കാര്യങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ഇനി പേടിക്കേണ്ടെന്നും ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴുമൊക്കെ പല തവണ കുടുംബത്തോട് പറഞ്ഞിരുന്നു. ആ ഒരു പ്രതീക്ഷയിലായിരുന്നു അവര്‍. മെഡിക്കല്‍ കോളേജ് പരിസരത്തെ പല വീടുകളും അവര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. വാടക പ്രശ്‌നം, ദൂരക്കൂടുതല്‍, വഴി പ്രശ്‌നം തുടങ്ങിയവ തടസങ്ങളായി. വീടിന്‍റെ കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്നന്വേഷിച്ചു നോക്കാന്‍ കുറേ തവണ അവര്‍ ആവശ്യപ്പെടുകയും ചെയ്തു. 

കേരള ലീഗൽ സർവീസ് അതോറിറ്റിയിലെ പലരെയും വിളിച്ചിട്ടും ഇക്കാര്യത്തില്‍ കൃത്യമായ ഒരു മറുപടി ലഭിച്ചില്ല. കാര്‍ തേടിയുള്ള പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടാത്തതും വലിയ നിരാശയായി. ഇതെവിടെയും എത്തില്ലേ എന്ന തോന്നലും എനിക്ക് വന്നുതുടങ്ങി.

പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ ഭാഗമായി മലപ്പുറത്തെ മുഴുവന്‍ ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റം ഉണ്ടായിരുന്നു. അങ്ങനെയാണ് മലപ്പുറത്ത് നിന്നും ഡിവൈഎസ്പി വി. വി ബെന്നി വടകരയിലേക്ക് സ്ഥലം മാറിയെത്തിയതും പ്രത്യേക അന്വേഷണ ചുമതല ഏറ്റെടുത്തതും. അന്വേഷണ പുരോഗതിയുടെ കുറച്ചു കൂടി വിവരങ്ങൾ ഇതോടെ അറിയാന്‍ കഴിഞ്ഞു. എസ്പി നിധിന്‍രാജിന്‍റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നെന്നും. പഴയ സിസിടിവി ദൃശ്യങ്ങളുടെ തുടര്‍ പരിശോധന, വര്‍ക്ക്‌ഷോപ്പുകളിലെ അന്വേഷണം തുടങ്ങിയവയ്ക്ക് ശേഷം  മൂന്നു കാറുകളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചെന്നും ബെന്നി അറിയിച്ചു. വീണ്ടും പ്രതീക്ഷകൾ തലപൊക്കി. കാര്യങ്ങള്‍ വീണ്ടും സജീവമായി. വീണ്ടും വാര്‍ത്തകള്‍ ചെയ്തു.

അമ്മ സ്മിതയുടെ മൊഴി വീണ്ടും എടുക്കാന്‍  ഡിവൈഎസ്പി വി. വി ബെന്നി മെഡിക്കല്‍ കോളേജില്‍ എത്തിയ ദിവസം ദൃഷാനയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ദൃഷാനയുടെ അച്ഛന്‍ സുധീറിനെ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ചാണ് കണ്ടത്. കാര്‍ കണ്ടെത്താനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. ഇപ്പറയുന്ന അന്വേഷണങ്ങള്‍ വെറുതെയാണെന്നും ഇനിയൊരു കാര്യവുമില്ലെന്നും പറഞ്ഞ് മെഡിക്കല്‍ ഷോപ്പുകളുടെ ഭാഗത്തേക്ക് മറ്റൊന്നും പറയാതെ നടന്നു പോയ അച്ഛന്‍ ഒരു സങ്കട ചിത്രമായിരുന്നു. അതിനിടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി
ആവശ്യമെങ്കില്‍ കുട്ടിക്ക് സൗജന്യ  ചികിത്സ നല്‍കുന്നത് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയുടെയും സര്‍ക്കാരിന്‍റെയും ഇടപെടല്‍ വന്ന സ്ഥിതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ തുടരാനായിരുന്നു കുടുംബത്തിന്‍റെ പിന്നീടുള്ള താല്പര്യം. മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ മെഡിക്കല്‍ കോളേജിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൊടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചും വിവരം അറിയിച്ചിരുന്നു. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നായിരുന്നു പിഎയുടെ മറുപടി. പല തവണ ഓര്‍മ്മിച്ചപ്പോഴും ഇതു തന്നെയായിരുന്നു പ്രതികരണം. ഒടുവില്‍ വീണാ ജോര്‍ജ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒരു പരിപാടിക്ക് എത്തിയപ്പോള്‍ ഈ വിഷയം നേരിട്ട് കണ്ട് അവരോട് പറഞ്ഞു. ഇടപെടാമെന്നും മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താമെന്നും അവര്‍ ഞങ്ങേളാട് പറഞ്ഞു. അത് ബ്രേക്കിങ് വാര്‍ത്തയായി നല്‍കുകയും ചെയ്തു. ഏതൊരാള്‍ക്കും മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന സാധാരണ സൗകര്യങ്ങള്‍ക്കപ്പുറം കുട്ടിയുടെ കാര്യത്തില്‍ എന്തെങ്കിലും അവര്‍ ഇടപെട്ട് ചെയ്‌തോ എന്ന് വ്യക്തമല്ല. അത്തരത്തില്‍ ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കുട്ടിയുടെ ബന്ധു വിചിത്ര പലപ്പോഴും പറഞ്ഞത്.

വാഹനം ഇടിച്ചാല്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന സ്‌കീം പ്രകാരമുള്ള സഹായവും ഇതിനിടെ  കുടുംബത്തിന് ലഭിച്ചു. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ കേരളത്തില്‍ ലഭിക്കുന്ന ആദ്യ സഹായമായിരുന്നു ഇത്. മുത്തശ്ശി ബേബിക്ക് രണ്ടു ലക്ഷവും ദൃഷാനയ്ക്ക് അമ്പതിനായിരവും.

നിര്‍ണായകമായ വാട്‌സാപ്പ് സന്ദേശം

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.14 -നാണ് വാട്‌സ് ആപ്പിലേക്ക് റൂറല്‍ എസ്പി നിധിന്‍രാജിന്‍റെ മെസേജ് വരുന്നത്. വാര്‍ത്ത ചെയ്ത ദിവസം അതായത് ഓഗസ്റ്റ് 27 -ന് അതേ നമ്പറിലാണ് അദ്ദേഹത്തിന് സ്റ്റോറിയുടെ ലിങ്കും ഒപ്പം കുടുംബത്തിന്‍റെ ദയനീയാവസ്ഥയുടെ വിവരണവും അയച്ചു കൊടുത്തത്. ആ ചാറ്റ്  മെന്‍ഷന്‍ ചെയ്ത് 'Come Tomorrow 11.30' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മെസേജ്. ഇതോടെ വലിയ ആകാംക്ഷയായി. തിരിച്ചു വിളിച്ചപ്പോൾ കേസ് തെളിഞ്ഞെന്നും മറ്റെല്ലാ വിവരങ്ങളും നാളെ പറയാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തലവനായ ഡി വൈ എസ് പി ബെന്നിയുമായും സംസാരിച്ചു. അപ്പോള്‍ തന്നെ ആ വിവരം നമസ്‌തേ കേരളം ഗ്രൂപ്പില്‍ പങ്കുവെക്കാനാണ് തോന്നിയത്. നമ്മള്‍ ഇത്ര കാലം ഫോളോ അപ്പ് ചെയ്ത വാര്‍ത്തയ്ക്ക് ഫലം കണ്ടെന്നും നാളെ പൊലീസ് വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും രാവിലെ ഒരു കര്‍ട്ടന്‍ റെയ്‌സര്‍ സ്റ്റോറി തരാമെന്നും ഓഫ് ആയതിനാല്‍ ഓഫീസില്‍ എഡിറ്റ് ചെയ്യണമെന്നും മെസേജ് അയച്ചു. പൊലീസ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയെന്ന സ്റ്റോറിയില്‍ ദൃഷാനയുടെ അക്കൗണ്ട് വിവരങ്ങൾ വീണ്ടും ഒരിക്കൽക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. അമ്മയും സഹോദരനുമായി അന്ന് രാത്രി ഒരിക്കല്‍ക്കൂടി കുട്ടിയുടെ ആരോഗ്യനില വിശദമായി സംസാരിച്ചു. പൊലീസ് വാര്‍ത്താ സമ്മേളനം വിളിച്ച കാര്യം അറിയിച്ചു.  

പിറ്റേന്ന് രാവിലെ വടകര എസ്പി ഓഫീസിലേക്ക് പോകുമ്പോള്‍ കാമറാമാന്‍ പ്രതീഷ് കപ്പോത്തായിരുന്നു കൂടെയുണ്ടായിരുന്നത്. ആരായിരിക്കും കാര്‍ ഇടിച്ചിട്ട് പോയത്? എന്താകും പൊലീസ് പറയുക?

ദൃഷാന മാത്രമായിരുന്നു യാത്രയിലെ സംഭാഷണം. എസ്പിയുടെ വാര്‍ത്താ സമ്മേളനം മുഴുവന്‍ ലൈവ് പോകാന്‍ ന്യൂസ് ഡസ്‌ക് തീരുമാനിച്ചിരുന്നു.

എസ് പിയുടെ വാര്‍ത്താ സമ്മേളനം

കേരള പൊലീസ് നടത്തിയ അസാധാരണ അന്വേഷണത്തിനും വിവര ശേഖഖരണത്തിനും ഒടുവില്‍ കാര്‍ കണ്ടെത്തിയെന്നും പ്രതി വിദേശത്താണെന്നും എസ്പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിന് നിമിത്തമായതിലെ അഭിമാനവും സന്തോഷവുമായിരുന്നു മനസ്സില്‍. അസാധാരണമായ അന്വേഷണമായിരുന്നു വടകര പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയത്. 40 കിലോ മീറ്ററോളം പരിധിയിലെ സിസിടിവികള്‍ പരിശോധിച്ചതായി എസ്പി നിധിന്‍ രാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ഞൂറോളം വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്‌സ് കടകളില്‍ നേരിട്ടെത്തി. അമ്പതിനായിരത്തോളം ഫോണ്‍ കോളുകള്‍ എടുത്തു. 19,000 -ഓളം വാഹനങ്ങള്‍ പരിശോധിച്ചു. പ്രദേശത്തെ വെള്ള കാറുകളുള്ള വീടുകളില്‍ നേരിട്ടെത്തി. ഫെബ്രുവരി മാസം മുതലുള്ള മുഴുവന്‍  ഇന്‍ഷുറന്‍സ് ക്ലെയിമുകളും പരിശോധിച്ചു. അവിടെയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് പിടി വീണത്. എല്ലാ കുറ്റകൃത്യത്തിലും ഒരു തെളിവ് അവശേഷിക്കുമെന്നാണ് പറയാറ്. മാര്‍ച്ച് മാസത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തതാണ് അന്വേഷണ സംഘത്തെ പുറമേരി സ്വദേശി ഷജീലിലേക്ക് എത്തിച്ചത്.

ഷജീല്‍ പുറത്താണ്. ഇനി ഇയാളെ നാട്ടിലേക്ക് കൊണ്ടു വരണം. ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനും അതിനൊക്കെ അപ്പുറം മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനും അതു വേണം. ഒപ്പം നമ്മുടെ സംവിധാനങ്ങള്‍ കൂടെ നില്‍ക്കണം.

പ്രതീക്ഷകള്‍, പ്രാര്‍ത്ഥനകള്‍

അപകടം സംഭവിച്ച് പത്താം മാസവും ദൃഷാന ഒന്നും അറിയുന്നേയില്ലായിരുന്നു. കൈകാലുകള്‍ ഇടയ്‌ക്കൊന്ന് അനക്കും. കണ്ണിമ ഇളക്കി ആരെയോ നോക്കും. കണ്ണു പൂട്ടാതെ മകളുടെ വിളിയൊന്നു കേള്‍ക്കാന്‍, ഓര്‍മ്മ തിരിച്ചുകിട്ടാന്‍ അരികെ സദാസമയവും അമ്മയുണ്ട്. ആരോഗ്യം ഭേദമാകുന്ന കാര്യത്തില്‍ ഇപ്പോഴും ഒന്നും പറയാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി പലതവണ സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടി. വീല്‍ചെയറിലേക്ക് മാറ്റാം. ന്യൂറോ റീഹാബിലറ്റേഷനാണ് തുടരുന്നത്. മാറ്റമുണ്ടാകാന്‍ സമയമെടുക്കും.  ആശുപത്രി ഒരുപാടാളുകള്‍ വന്നുപോകുന്ന സ്ഥലമായത്  കൊണ്ട് അണുബാധയ്ക്കും സാധ്യതയുണ്ട്. വീടിന്‍റെ അന്തരീക്ഷം, കൂട്ടുകാരുടെ സാമീപ്യം തുടങ്ങിയവയൊക്കെ ഒരുപക്ഷേ ഗുണം ചെയ്‌തേക്കാമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. ആശുപത്രി അന്തരീക്ഷത്തില്‍ നിന്നും മാറി നില്‍ക്കാന്‍, അടുത്ത ദിവസം തന്നെ സമീപത്തുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറുകയാണ് കുടുംബം. ഒന്നര കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് ഏഴായിരം രൂപ വാടകയ്ക്ക് ഒരു വീട് കണ്ടെത്തിയിട്ടുണ്ട്. അനുജത്തിക്ക് അടുത്ത സ്‌കൂളില്‍ അഡ്മിഷനും വാങ്ങി.

പൊരുതി പൊരുതി ദൃഷാന പതുക്കെ പതുക്കെ  പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. തിരിഞ്ഞു നോക്കാനാളില്ലാത്ത ഒരവസ്ഥയിൽ നിന്നും ഒരു കുട്ടിയെയും കുടുംബത്തെയും കരകയറ്റാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ശ്രമങ്ങള്‍ ഫലം കാണുമെന്നും പ്രതീക്ഷയുണ്ട്. കോടതിയും, പൊലീസും നടത്തിയ ഇടപെടലുകള്‍ ഫലവത്താവുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രാര്‍ഥനയും.


 

click me!