ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്‌രി, പൗരി ഗർവാൾ എന്നി ജില്ലകളിൽ നിന്നുള്ള 20-കളുടെ മദ്ധ്യത്തിലുള്ള ആറ് യുവാക്കളാണ് ഈ യാത്രയുടെയും കണ്ടെത്തലിന്‍റെയും പിന്നില്‍. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഇവരെ ഒന്നിപ്പിച്ചത് ഹിമാലയസാനുക്കളുടെ വശ്യസൗന്ദര്യവും ട്രക്കിങ്ങിനോടുള്ള ഭ്രമവും തന്നെയായിരുന്നു. കണ്ട സ്ഥലങ്ങള്‍ വിണ്ടും വീണ്ടും കാണുന്നവനല്ല, പുതിയവ കണ്ടെത്തുന്നവനാണ് സഞ്ചാരിയെന്ന് ഇവര്‍ പറയുന്നു.
അഭിഷേക്, ആകാശ്, വിനയ്, ലളിത്, അരവിന്ദ്, ദീപക് എന്നീ ആറംഗ സംഘം കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് തങ്ങളുടെ പുതിയ ട്രക്കിങ്ങിനെ കുറിച്ച് ആലോചിക്കുന്നത്. ലോകം മൊത്തം വീടുകളില്‍ അടച്ചിരിക്കപ്പെട്ട ആ കാലത്ത് തങ്ങളുടെ വീടുകളിലിരുന്ന് ലഭ്യമായ മാപ്പുകള്‍ വച്ച് ഹിമാലയത്തിലെ അജ്ഞാത സ്ഥലങ്ങള്‍ തേടുകയായിരുന്നു അവര്‍.
ലോക്ഡൗണിനിടെ കാണാത്ത കാഴ്ചകള്‍ തേടി, ലഭ്യമായ ഹിമാലയന്‍ മാപ്പുകളിലൂടെയുള്ള തന്‍റെ സഞ്ചാരം സുഹൃത്തുക്കളുമായി അഭിഷേക് പങ്കുവച്ചതാടെയാണ് പുതിയ ട്രക്കിങ്ങിനെ കുറിച്ച് യാത്രാസംഘം കാര്യമായി ആലോചിച്ച് തുടങ്ങുന്നത്. ഇതിനിടെ വിനയ് നേഗി, ഗൂഗിള്‍ എര്‍ത്തിലൂടെ ഹിമാലയന്‍ കാഴ്ചകളിലൂടെ കടന്ന് പോയപ്പോള്‍ നന്ദികുണ്ഡിന് മുകളിലായി താടക സമാനമായ ചില ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞതായി സുഹൃത്തുക്കളെ അറിയിച്ചു.
ഇതോടെ യാത്രാ സംഘം സജീവമായി. കണ്ടെത്തിയ ആ ശ്ലഥ ചിത്രങ്ങളെ തേടിയുള്ള അന്വേഷണങ്ങളായി പിന്നെ. ലോക്ഡൗണിനിടയിലും ലഭ്യമായ പഴയ ഭൂപടങ്ങള്‍ തേടി സംഘം അന്വേഷം തുടങ്ങി. എട്ടൊമ്പത് മാസത്തെ നിരന്തരമായ ഗവേഷണത്തിനിടെ രുദ്രപ്രയാഗിന്‍റെ മുകൾ ഭാഗങ്ങളിലൂടെ നേരത്തെ സഞ്ചരിച്ചിരുന്ന, പഴയകാല സഞ്ചാരികളുമായി അത്തരത്തിലുള്ള ഏതെങ്കിലും തടാകത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സംസാരിച്ചു.
1986-ലെയും 1992-ലെയും പഴയ ഉപഗ്രഹ ഭൂപടങ്ങൾ സംഘടിപ്പിച്ച് ഏറെ നിരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ അത്തരത്തിലൊരു നിഖൂഢ തടാകം അവിടെയുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നെ അത് നേരില്‍ കണ്ടെത്താനുള്ള ഒരുക്കങ്ങളായി. അതിനായി പഴയ മാപ്പുകളിലൂടെയും ഗൂഗിള്‍ എത്തിലൂടെയും ആ ആറംഗ സംഘം നിരവധി തവണ കടന്നുപോയി.
ആ ആറംഗ യാത്രാ സംഘത്തിന് അഭിഷേക് തന്നെയായിരുന്നു വഴികാട്ടിയും. ഒടുവില്‍, തങ്ങള്‍ കണ്ടെത്തിയ പ്രദേശത്തേക്കുള്ള വഴികള്‍ അവര്‍ സ്വയം അടയാളപ്പെടുത്തി. പര്‍വ്വതമേരുവിലേക്കുള്ള വഴിയെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചു. അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് മാസം 27 -ാം തിയതി ഉത്തരാഖണ്ഡിലെ ഗൗണ്ടര്‍ ഗ്രാമത്തില്‍ നിന്ന് മധ്യമഹേശ്വര് ധാം വരെ കുത്തനെയുള്ള 12 കിലോമീറ്റര്‍ കയറ്റം അവര്‍ കയറിത്തുടങ്ങി.
കേദാർനാഥ്, രുദ്രനാഥ്, തുംഗനാഥ്, കൽപേശ്വർ എന്നിവയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ശിവക്ഷേത്രങ്ങളിൽ ഒന്നായ മധ്യമഹേശ്വര് ധാം "പഞ്ചകേദാരങ്ങളിൽ" ഒന്നാണെന്ന് ഹിന്ദു വിശ്വാസങ്ങളില്‍ അറിയപ്പെടുന്നു. മധ്യമഹേശ്വര് ധാമിനെ അവര്‍ ഒരു ബേസ് ക്യാമ്പാക്കി. ജാക്കറ്റുകള്‍ക്കും ഉള്ളിലേക്കിറങ്ങി അസ്ഥിയെ പോലും തണുപ്പിക്കുന്ന കാറ്റിന് കുറുകെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് നടക്കുകയെന്നത് അത്ര നിസാരമല്ലെന്ന് അഭിഷേക് പറയുന്നു.
ശീതക്കാറ്റിനെ വകഞ്ഞ് മാറ്റി മഞ്ഞ് മലകള്‍ കടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ആ ആറംഗസംഘം സെപ്തംബര്‍ ഒന്നാം തിയതി രാവിലെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. മാസങ്ങള്‍ നീണ്ട ഗവേഷണത്തിനിടെ പല തവണ ഗൂഗിള്‍ എര്‍ത്തില്‍ ശ്ലഥമായി കണ്ട കാഴ്ചകള്‍ കണ്ണിന് മുന്നില്‍ തെളിഞ്ഞ് വന്നപ്പോള്‍ അതുവരെ അനുഭവിക്കാത്ത ആനന്ദമായിരുന്നെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
തിരികെ ഇറങ്ങും മുമ്പ് തടാകത്തിന്‍റെ അരികളവുകള്‍ എടുക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. തടാകത്തീരത്ത് ഏതാണ്ട് അരമണിക്കൂറോളും സംഘം ചിലവഴിച്ചു. ഇതുവരെ മനുഷ്യസാന്നിധ്യമേറ്റിട്ടില്ലാത്ത ശുദ്ധമായ വെള്ളം നിറഞ്ഞ് നിന്ന ആ തടാകം ഏകദേശം 15,750 അടി ഉയരത്തിലാണെന്ന് അവര്‍ കണ്ടെത്തി. തടാകത്തിന് 160 മീറ്റർ നീളവും 155 മീറ്റർ വീതിയും ഉണ്ട്.
വിനയ് നേഗി നിർമ്മിച്ച "ഡിജിറ്റൽ മാപ്പ്" അനുസരിച്ച് മധ്യമഹേശ്വരിൽ നിന്ന് തടാകത്തിലേക്ക് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട്. “തടാകത്തിലേക്കുള്ള ട്രെക്കിംഗ് ഒരു ജീവിതാനുഭവമാണ്. മനോഹരമായ പച്ച പുൽമേടുകളും വെളുത്ത മഞ്ഞുമലകളും കണ്ണുകൾക്ക് ഒരു വിരുന്നാണ്. വരും മാസങ്ങളിൽ കൂടുതൽ ട്രെക്കിംഗ് ഗ്രൂപ്പുകൾ ഈ പ്രദേശത്തേക്ക് പര്യവേക്ഷണം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അഭിഷേക് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ കുറിച്ചു.
ആറംഗ സംഘത്തിന്‍റെ യാത്ര വിജയിച്ചതോടെ രുദ്രപ്രയാഗ് ജില്ലയിലെ ടൂറിസം വകുപ്പും പുതിയ തടാകത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. പുതുതായി കണ്ടെത്തിയ ഈ തടാകത്തിന് ഇനി വേണം ഒരു പേരിടാന്‍. പുതുതായി കണ്ടെത്തിയ ഈ തടാകം രുദ്രപ്രയാഗ് ജില്ലയിലെ നിലവിലുള്ള മറ്റ് തടാകങ്ങളോടൊപ്പം ചേർക്കും.
വാസുകി താൽ, ബസുരി താൽ, ഡിയോറിയ താൽ, ബധാനി താൽ, സജൽ സരോവർ, നന്ദി കുണ്ഡ്, മറ്റുള്ളവ മുന്‍പേ പോയ സഞ്ചാരികളിലൂടെ ലോകം കണ്ട ഹിമാലയന്‍ താടകങ്ങളാണ്. പുതിയ തടാകം അക്ഷാംശം: 30°39'18.0"N -- 30.65500000 ലും രേഖാംശം: 79°17'52.0°E -- 79.29777778 മാണ് കാണപ്പെടുന്നതെന്ന് ട്രിപോട്ടോ വെബ്സൈറ്റ് വെളിപ്പെടുത്തി.