ഇന്ത്യൻ സംഗീതജ്ഞൻ, പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമാ നിർമ്മാതാവ് എന്നിങ്ങനെ സംഗീതവും സിനിമയുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം മുഴുവനും.
എഞ്ചിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കുന്നതിനായി അദ്ദേഹം തമിഴ്നാട്ടില്‍ എഎംഐഇ കോഴ്സിന് ചേര്‍ന്നു. എന്നാല്‍ ആന്ധ്രയില്‍ നിന്ന് തമിഴ്നാട്ടിലേക്കൂള്ള വരവ് അദ്ദേഹത്തിന്‍റെ ജീവിത പദ്ധതികളെയെല്ലാം തകിടം മറിച്ചു.
എഞ്ചിനീയറിങ്ങിന്‍റെ വഴിയില്‍ നിന്നും മാറി സംഗീതജ്ഞന്‍റെ വഴിയിലേക്ക് എസ്പിബി പതുക്കെ പതുക്കെ നടന്നുകയറുകയായിരുന്നു. 1964 ആയിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.
ചെന്നൈ ആസ്ഥാനമായുള്ള തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എസ്പിബിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. അങ്ങനെ 1966 ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയില്‍ എസ് പി ബാലസുബ്രഹ്മണ്യന്‍ ആദ്യമായി പിന്നണി ഗായകനായി.
ഭാവഗാനങ്ങള്‍ പടുന്നതില്‍ എസ്പിബിയ്ക്കുണ്ടായിരുന്ന കൈയ്യടക്കമായിരുന്നു അദ്ദേഹത്തെ ചലച്ചിത്ര പിന്നണി ശാഖയില്‍ ഏറെ പ്രശ്തനാക്കിയത്.
“ഷോബൻ ബാബുവിന് വേണ്ടി അദ്ദേഹം ചെയ്ത ഭാഗം ശ്രദ്ധിക്കുന്ന ആർക്കും ആ ശബ്ദത്തിലെ സാധ്യത മനസ്സിലാകും. അദ്ദേഹത്തിന്‍റെ ശബ്ദം എ.എം.രാജയുടെ ശബ്ദം, പിബി ശ്രീനിവാസിന്‍റെ മൃദുത്വം, മുഹമ്മദ് റഫിയുടെ അനായാസത എന്നിവ പോലെയായിരുന്നു." എന്ന ചലച്ചിത്ര സംഗീത ചരിത്രകാരൻ വാമനന്‍റെ അഭിപ്രായം ഗായകനെന്ന നിലയില്‍ എസ്പിബിയുടെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു.
വലിയ ശബ്ദഘോഷങ്ങളില്ലാതെ ഇന്ത്യയിലെ ചലച്ചിത്ര ഗാനാസ്വാദകരുടെ ഇടയില്‍ നിന്ന് ഇത്രയേറെ സ്നേഹാദരം ഏറ്റുവാങ്ങിയ മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകനില്ലെന്ന് തന്നെ പറയാം. '
പാടിയ എല്ലാ ഭാഷകളിലും എസ്പിബിക്ക് തന്‍റെതായ ഒരു ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെവിടെയും അദ്ദേഹം എസ്പിബി എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെട്ടു.
40 വർഷത്തിനിടെ 40,000 ത്തോളം ഗാനങ്ങൾ, അതും വിവിധ ഭാഷകളില്‍ റെക്കോർഡ് ചെയ്തിട്ടുള്ള ഒരു പിന്നണി ഗായകന്‍ മാത്രമേ ലോകത്ത് കാണുകയുള്ളൂ. വിവിധ റെക്കോർഡിംഗ് കമ്പനികൾ റെക്കോർഡ് ചെയ്ത സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കമാണിത്.
ഒറ്റ ദിവസം 19 തമിഴ് ഗാനങ്ങളും , ഒറ്റ ദിവസം കൊണ്ട് 16 ഹിന്ദി ഗാനങ്ങളും റെക്കോർഡ് ചെയ്ത റെക്കോർഡും എസ്പിബിക്ക് സ്വന്തമാണ്. നാല് വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾക്ക് മികച്ച പിന്നണി ഗായകനുള്ള ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടി.
ആന്ധ്രാപ്രദേശ് സര്‍ക്കാറിന്‍റെ 25 സംസ്ഥാന അവാർഡുകൾ അദ്ദേഹം നേടി. ആറ് ഫിലിംഫെയർ അവാർഡുകൾ സ്വന്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.
2012 ല്‍ ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന എൻടിആർ ദേശീയ അവാർഡ് ലഭിച്ചു. 2016 -ൽ, വെള്ളിയില്‍ തീര്‍ത്ത മയിൽ ശില്പം നല്‍കി അദ്ദേഹത്തെ 'ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ' എന്ന പദവി നൽകി ആദരിച്ചു. രാഷ്ട്രം 2001 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
2020 ആഗസ്റ്റ് 5 നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പാട്ടുകാരന് ആദ്യമായി കൊവിഡ് പോസറ്റീവ് സ്ഥിരീകരിക്കുന്നത്. സെപ്തംബര്‍ 4 ന് അദ്ദേഹത്തിന് നെഗറ്റീവ് രേഖപ്പെടുക്കിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ആശുപത്രിയില്‍ തന്നെ തുടര്‍ന്നു.
ഒടുവില്‍, സെപ്തംബര്‍ 24 ന് രോഗം മൂര്‍ച്ഛിക്കുകയും സെപ്തംബര്‍ 25 ന് തന്‍റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിരാശരാക്കി അദ്ദേഹം ഒരു നേര്‍ത്തഗാനം പാതിവഴിയില്‍ പാടി നിര്‍ത്തി.
അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കിടക്കുമ്പോള്‍, എസ്പിബിയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിച്ച ഇളയരാജയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇളയരാജയുടെ വിളി കേള്‍ക്കാതെ എസ്പിബി , മരണമില്ലാത്ത ലോകത്തേക്ക് പാടിയകന്ന് പോയി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona