വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത "ബില്ല", "ആരംഭം" തുടങ്ങിയ സിനിമകളിൽ നയന്‍താര അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അജിത്ത് ആയിരുന്നു നായകന്‍. 2015-ൽ പുറത്തിറങ്ങിയ "യച്ചൻ" എന്ന ചിത്രമാണ് വിഷ്ണുവർദ്ധൻ തമിഴില്‍ ചെയ്ത അവസാന ചിത്രം.
ഏകദേശം 9 വർഷങ്ങൾക്ക് ശേഷം സംവിധായകൻ വിഷ്ണുവർദ്ധൻ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ആകാശ് മുരളിയും അദിതി ശങ്കറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന "നെസിപ്പായ" എന്ന ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്യുന്നത്. ഒരു അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ് ചിത്രം എന്നാണ് വിവരം.
വിജയ് നായകനായി എത്തിയ "മാസ്റ്റർ" എന്ന സിനിമ നിർമ്മിച്ച എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്‍റെ ബാനറില്‍ സേവ്യർ ബ്രിട്ടോയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആകാശ് മുരളിയുടെ ഭാര്യാപിതാവാണ് ഇദ്ദേഹം. കൂടാതെ, ആകാശ് മുരളിയുടെ ഭാര്യ സിനേഗ ബ്രിട്ടോ ഈ ചിത്രത്തിന്‍റെ സഹനിർമ്മാതാവാണ്.
യുവൻ ശങ്കർ രാജ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു, വിഷ്ണുവർദ്ധനും നീലൻ ശേഖറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറൂൺ എറിക് ബ്രൈസൺ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് എ.ശ്രീകർ പ്രസാദാണ്.
വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവർത്തകരും പങ്കെടുത്ത ചിത്രത്തിന്‍റെ ചടങ്ങ് ഇന്നലെയാണ് ചെന്നൈയില്‍ നടന്നത്. സാധാരണയായി താൻ അഭിനയിക്കുന്ന സിനിമകളുടെ പരിപാടികളിൽ പോലും പങ്കെടുക്കാത്ത നയൻതാര ചടങ്ങിൽ പങ്കെടുത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
ചടങ്ങിനായി നയൻതാര കറുത്ത പ്ലെയിൻ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് വളരെ ലളിതമായാണ് എത്തിയത്. ഭർത്താവ് വിഘ്നേഷ് ശിവനില്ലാതെ ഒറ്റയ്ക്ക് പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.
ഈ ചിത്രത്തിന്‍റെ ലോഞ്ചിംഗിനാണ് നയന്‍താര എത്തിയത്. വളരെ ഇമോഷണലായാണ് നയൻതാര സംസാരിച്ചത്. "സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർദ്ധനെയും അനു വർദ്ധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാവില്ല” നയന്‍സ് വികാരഭരിതയായി പറഞ്ഞു.