നിറവയറില്‍ ക്യൂട്ട് ലുക്കിലാണ് ആലിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ ഓഡിയോ ലോഞ്ചിൽ എത്തിയപ്പോഴായിരുന്നു ഇരുവരും ക്യാമറാക്കണ്ണുകളിൽ ഉടക്കിയത്. സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് പങ്കെടുത്തത്. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.
അടുത്തിടെ ഗർഭിണി ആയതുകൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നില്ലെ എന്ന ചോദ്യത്തിന് ആലിയ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞിരുന്നു.
അതേസമയം, ആലിയയും രൺബീറും ഒരുമിച്ചഭിനയിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ എത്തുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
'ഷംഷേര' എന്ന ചിത്രമാണ് രൺബീർ കപൂറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018 ഡിസംബറില്‍ ആരംഭിച്ച ഷംഷേരയുടെ ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വാണി കപൂര്‍ ആയിരുന്നു നായിക. വൻ ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ, ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയക്കാൻ സാധിച്ചിരുന്നില്ല.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാഡിയാണ് ആലിയ ഭട്ടിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കൊവിഡിന് ശേഷം അടിപതറിയ ബോളിവുഡിനെ ഒരുപരിധിവരെ കരകയറ്റാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.