കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്.
"കേരള റോക്കി ഭായ്, മലയാളത്തിന്റെ റോക്കി ബായ്, മല്ലു റോക്കി, കെജിഎഫ് റോക്കി ഭായ് മലയാളം, മലയാളികളുടെ ഉണ്ണി കണ്ണൻ, കെജിഎഫ് പടം ചെയ്യാൻ ഇതിനേക്കാൾ മാച്ച് ആകുന്ന വേറെ മലയാളി നടൻ ഉണ്ടേൽ തൂക്ക്", എന്നിങ്ങനെ പോകുന്നു ഉണ്ണി മുകുന്ദനെ പുകഴ്ത്തിയുള്ള കമന്റുകൾ.
അതേസമയം, 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസ് ലീ' എന്ന ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്‍ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'. ഗോകുലം മൂവീസ് ആണ് നിര്‍മാണം.
സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന 'യശോദ' എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹരി-ഹരീഷ് ജോഡിയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീദേവി മൂവീസിന്റെ ബാനറിൽ
ചിത്രം നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.