ജീവിതത്തിൽ പ്രധാന സ്ഥാനം, പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല; തുറന്നു പറഞ്ഞ് മാധവ് സുരേഷ്

First Published | Jul 4, 2024, 8:13 PM IST

കുട്ടിക്കാലം മുതൽ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ മാധവിന്റേത്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ മകൻ എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയ മാധവ് ഇന്നൊരു സിനിമാ നടൻ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മാധവ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഫോട്ടോകളും കുറിപ്പുമാണ് ഇപ്പോൾ വൈറൽ ആകുന്നത്. 
 

അടുത്ത സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള ആളാണ് സെലിൻ എന്നും താരമാണ് തന്റെ ലോകമെന്നും മാധവ് കുറിക്കുന്നുണ്ട്. 
 

‘‘ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയൊരാളെ ആഘോഷിക്കാൻ ആ​ഗ്രഹിക്കുകയാണ്. ഈ ആളാണ് എന്റെ ലോകം. വലിയ പ്രതിസന്ധികളിലൂടെ പോയപ്പോൾ എന്റെ ജീവിതത്തിലേക്ക് തടന്നു വന്ന് ഒരു പാറപോലെ എനിക്കൊപ്പം നിന്ന ആളാണിത്’’. 
 

Latest Videos


‘‘ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ പോരായ്മകളും മനസിലാക്കുകയും അവ പരിഹരിച്ച് ഞാൻ മുന്നോട്ട് തന്നെ പോകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ആൾ. അവളുടെ ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു. ആ ശബ്ദം എന്റെ കാതുകൾക്ക് ഇമ്പമുള്ളതായി മുഴങ്ങുന്നു. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊർജ്ജം സമ്മാനിക്കുന്നു’’.  
 

‘‘ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരുന്നു. പിറന്നാൾ ആശംസകൾ എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി..’’. 
 

‘‘നിന്റെ ലക്ഷ്യങ്ങൾ എല്ലാം നേടിയെടുക്കുമെന്ന് എനിക്കറിയാം. എന്നെങ്കിലും ഞാനക്കാര്യം നിന്നോടു പറയും, ‘നീ അത് നേടുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു’ എന്ന്. നീ എന്താണോ അങ്ങനെ തന്നെ മുന്നോട്ട് പോകുക. എനിക്ക് വീണ്ടും ആളുകളിൽ വിശ്വാസം ഉണ്ടാക്കിയതിന് നന്ദി’’, എന്നാണ് മാധവ് ഫോട്ടോകൾക്ക് ഒപ്പം കുറിച്ചത്. 
 

അതേസമയം, സെലിനുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിന് പിന്നാലെ പ്രതികരണവുമായി മാധവ് തന്നെ രം​ഗത്ത് എത്തി. സെലിന് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് അല്പം കടന്ന് പോയെന്നും തൽക്കാലം സെലിനുമായി പ്രണയത്തിൽ അല്ലെന്നും മാധവ് വെളിപ്പെടുത്തിയിട്ടുണ്ട്. 
 

തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയാണ് സെലിൻ. അതിൽ ഉപരി ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലെന്നും മാധവ് സുരേഷ് വ്യക്തമാക്കി. 
 

click me!